Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യക്കാരനായ ഡോക്ടർ യുഎസിൽ രോഗിയുടെ കുത്തേറ്റു മരിച്ചു

ന്യൂയോർക്ക്∙ ഇന്ത്യൻ വംശജനായ മനോദൗർബല്യ ചികിത്സകൻ അച്യുത റെഡ്ഡി (57) കാൻസസിലെ വിച്ചിതയിൽ അദ്ദേഹത്തിന്റെ ചികിത്സാകേന്ദ്രത്തിനു സമീപം രോഗിയുടെ കുത്തേറ്റു മരിച്ചു. ഡോക്ടറെ കുത്തിയശേഷം സമീപമുള്ള ക്ലബിലെ പാർക്കിങ് സ്ഥലത്തു കാറിനുള്ളിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച ഉമർ റഷീദ് ദത്തി(21)നെ പൊലീസ് അറസ്റ്റ് ചെയ്തു.

റെഡ്ഡിയുടെ ചികിത്സയിലുണ്ടായിരുന്ന ഇയാൾ ജയിൽഭേദനം ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ളയാളാണ്. ഡോ. റെഡ്ഡിയും ദത്തും തെലങ്കാനയിൽ നിന്നുള്ളവരാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യക്കാരനായ ശ്രീനിവാസ് കുച്ചിബോട്‍ല കാൻസസിൽ വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു. മനോദൗർബല്യ ചികിത്സയിൽ യോഗ ഉൾപ്പെടെയുള്ളവ ഉൾപ്പെടുത്തി സമഗ്ര സമീപനത്തോടെയുള്ള ചികിത്സാ രീതിയായിരുന്നു ഡോ. റെഡ്ഡിയുടേത്.

അക്രമിയെ ചികിത്സാകേന്ദ്രത്തിലെ മാനേജർ തടഞ്ഞെങ്കിലും രക്ഷപ്പെടാനോടിയ ഡോക്ടറെ പിന്നാലെയോടി പലതവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. വിച്ചിത സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പഠനത്തിനെത്തിയ ദത്ത് 2015 ൽ പഠനം നിർത്തിയിരുന്നു. അച്യുത റെഡ്ഡിയുടെ ഭാര്യ ബീന റെഡ്ഡിയും കാൻസസിൽ പ്രാക്ടിസ് ചെയ്യുന്നു.