Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേസിൽ അവധി ചോദിക്കുന്ന പ്രവണത അവസാനിപ്പിക്കണം: ചീഫ് ജസ്റ്റിസ്

ചെന്നൈ ∙ കേസുകൾക്ക് അവധി ചോദിക്കുന്ന ‘രോഗം’ ബാധിക്കാതിരിക്കാൻ അഭിഭാഷകർ ശ്രദ്ധിക്കണമെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. കേസ് നന്നായി പഠിച്ചു കോടതിയിൽ എത്തണം. മാറ്റിവയ്ക്കുന്നതായി കോടതി അറിയിച്ചാൽ തന്നെ ‘ഞാൻ തയാറാണ്, ദയവായി എന്റെ കേസ് കേൾക്കണം’ എന്ന് അഭിഭാഷകർ അഭ്യർഥിക്കണം. ഓരോ തവണയും അവധി ചോദിക്കുമ്പോൾ ‘നീട്ടിവയ്ക്കൽ രോഗം’ ബാധിച്ചു താൻ മരിച്ചുകൊണ്ടിരിക്കുകയാണെന്ന് അഭിഭാഷകർ തിരിച്ചറിയണം. 

കേസുകൾ എത്രയും വേഗം തീർപ്പാകാൻ കൂട്ടായ ശ്രമം ആവശ്യമാണെന്നും മദ്രാസ് ഹൈക്കോടതിയുടെ 125–ാം വാർഷികാഘോഷച്ചടങ്ങിൽ ചീഫ് ജസ്റ്റിസ് പറഞ്ഞു. 

സമയനിഷ്ഠ നീതിന്യായവ്യവസ്ഥയുടെ അവിഭാജ്യഘടകമാണ്. കേസ് നീട്ടിവയ്പ്പിക്കുന്നതും താമസിച്ചെത്തുന്നതുമെല്ലാം നിയമലംഘനമാണ്. ജഡ്ജിമാർക്കും അഭിഭാഷകർക്കും ഇത് ഒരേപോലെ ബാധകമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. പത്തുവർഷമോ അതിൽ കൂടുതലോ കാലമായി കോടതി കയറിയിറങ്ങുന്ന കേസുകൾക്കു മുൻഗണനാ അടിസ്ഥാനത്തിൽ ഉടൻ തീർപ്പുണ്ടാക്കുകയാണു ലക്ഷ്യമെന്നു കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.