Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുപ്രീം കോടതിയിൽ കേന്ദ്രം: രോഹിൻഗ്യകൾ ഗുരുതര ഭീഷണി

rohingyas ഏറെയുണ്ട് താണ്ടുവാൻ കനൽപ്പാതകൾ... : ബംഗ്ലദേശിലെ അഭയാർഥി ക്യാംപിലേക്കുള്ള യാത്രാമധ്യേ വഴിയിൽ വിശ്രമിക്കുന്ന രോഹിൻഗ്യ അഭയാർഥികളായ അമ്മയും മകളും. ചിത്രം: റോയിട്ടേഴ്സ്

ന്യൂഡൽഹി ∙ മ്യാൻമറിൽനിന്ന് ഇന്ത്യയിലെത്തിയ രോഹിൻഗ്യ അഭയാർഥികൾ ദേശീയ സുരക്ഷയ്‌ക്കു ഗുരുതരമായ ഭീഷണിയാണെന്നു കേന്ദ്രസർക്കാർ. അഭയാർഥികളെ രാജ്യത്തുനിന്നു പുറത്താക്കാനുള്ള നടപടികളിൽ സുപ്രീം കോടതി ഇടപെടരുതെന്നും സത്യവാങ്‌മൂലത്തിൽ കേന്ദ്രം ആവശ്യപ്പെട്ടു. ഐക്യരാഷ്‌ട്ര അഭയാർഥി ഹൈക്കമ്മിഷനിൽ റജിസ്റ്റർ ചെയ്‌ത അഭയാർഥികളായ മുഹമ്മദ് സലീമുള്ളയും മുഹമ്മദ് ഷാഖിറും നൽകിയ ഹർജിയിലാണു സത്യവാങ്‌മൂലം. ഹർജി ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അടുത്തമാസം മൂന്നിനു പരിഗണിക്കും.

2012–13 മുതൽ രോഹിൻഗ്യകൾ ഇന്ത്യയിൽ പ്രവേശിക്കുന്നതായി ആഭ്യന്തര മന്ത്രാലയ ജോയിന്റ് സെക്രട്ടറി മുകേഷ് മിത്തൽ നൽകിയ സത്യവാങ്‌മൂലത്തിൽ പറയുന്നു. അഭയാർഥികളുടെ സ്‌ഥിതി സംബന്ധിച്ച രാജ്യാന്തര ധാരണയും (1951) 1967 ലെ ഉടമ്പടിയുമാണു വാദങ്ങൾക്ക് അടിസ്‌ഥാനമാക്കുന്നതെന്നും അവയിൽ ഇന്ത്യ ഒപ്പുവച്ചിട്ടില്ലെന്നും കേന്ദ്രം വ്യക്‌തമാക്കി.

വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷനു (എൻഎച്ച്‌ആർസി) നോട്ടിസ് അയയ്‌ക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി തള്ളി. 

രോഹിൻഗ്യ വിഷയത്തിൽ കഴിഞ്ഞമാസം 18ന് എൻഎച്ച്‌ആർസി കേന്ദ്രസർക്കാരിനു നോട്ടിസ് അയച്ചിരുന്നു. കേന്ദ്ര സർക്കാരിനുവേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഹർജിക്കാർക്കുവേണ്ടി ഫാലി എസ്.നരിമാൻ, കപിൽ സിബൽ, രാജീവ് ധവാൻ, കോളിൻ ഗോൺസാൽവസ്, അശ്വനികുമാർ, പ്രശാന്ത് ഭൂഷൺ എന്നിവരും ഹാജരായി.

നരനായാട്ട് തുടരുന്നു; അഭയാർഥികൾ 4.3 ലക്ഷം

മ്യാൻമറിലെ വടക്കൻ റാഖൈനിൽ രോഹിൻഗ്യ മുസ്‌ലിംകൾ താമസിക്കുന്ന വിദൂരഗ്രാമങ്ങളിൽ സൈന്യത്തിന്റെ നരനായാട്ട് തുടരുന്നതായി റിപ്പോർട്ടുകൾ. പട്ടിണിയിലും ഭീതിയിലും കഴിയുന്ന ഇവർ സുരക്ഷിതമായി പലായനം ചെയ്യാൻപോലും കഴിയാത്ത സ്ഥിതിയിലാണ്. 4.3 ലക്ഷം രോഹിൻഗ്യ മുസ്‌ലിംകൾ ഇതുവരെ രാജ്യം വിട്ടതായാണു കണക്ക്.

മ്യാൻമറിനെതിരെ സമ്മർദം ശക്തം; ഉപരോധ ഭീഷണി

ന്യൂയോർക്ക് ∙ വംശഹത്യയുടെ പേരിൽ മ്യാൻമറിന് ഉപരോധം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി മനുഷ്യാവകാശ സംഘടനകൾ രംഗത്ത്. മ്യാൻമർ നേതാവ് ഓങ് സാൻ സൂ ചി ഇന്നു രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കെ രോഹിൻഗ്യ വിഷയത്തിൽ രാജ്യാന്തര സമ്മർദം ശക്തമായി. പ്രശ്നപരിഹാരത്തിന് സൂ ചിക്ക് ഇത് അവസാന അവസരമാണെന്നു യുഎ‍ൻ നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു. രാജ്യംവിട്ട രോഹിൻഗ്യ മുസ്‌ലിംകളെ തിരിച്ചുവിളിക്കണമെന്നും സൈന്യത്തിനെതിരെ നടപടി വേണമെന്നുമാണ് ആവശ്യം. ഐക്യരാഷ്ട്ര പൊതുസഭ ചർച്ചകൾ ഇന്നു തുടങ്ങാനിരിക്കെയാണ് ഹ്യൂമൻ റൈറ്റ്സ് വാച്ച് ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തെത്തിയത്.