Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീർ മന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം; മൂന്നു മരണം

PTI9_21_2017_000157A ജമ്മു – കശ്മീരിൽ മന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പിങ്കി കൗറിന്റെ സംസ്കാരച്ചടങ്ങിനിടെ വിലപിക്കുന്ന ബന്ധുക്കൾ. ചിത്രം: പിടിഐ

ശ്രീനഗർ ∙ ജമ്മു – കശ്മീരിലെ പൊതുമരാമത്തുമന്ത്രി നയീം അക്തറും സംഘവും സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനുനേരെ പുൽവാമയിലെ ട്രാലിൽ ഭീകരർ നടത്തിയ കൈബോംബ് ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. രണ്ടു പൊലീസുകാർ ഉൾപ്പെടെ 32 പേർക്കു പരുക്കേറ്റു. മന്ത്രി പരുക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു.

ട്രാലിലെ ബസ് സ്റ്റാൻഡിൽ നടന്ന വികസന പ്രവർത്തനങ്ങൾ പരിശോധിക്കാൻ എത്തിയ മന്ത്രിയുടെ വാഹനങ്ങൾക്കുനേരെ ഭീകരർ ഇന്നലെ രാവിലെ 11.45നു കൈബോംബുകൾ എറിയുകയായിരുന്നു. ലക്ഷ്യം തെറ്റിയ കൈബോംബ് പൊട്ടി റിട്ട. അധ്യാപകൻ ഗുലാം നബി ട്രാഗ് (70), ഇസ്‌ലാമിക് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി വിദ്യാർഥിനി പിങ്കി കൗർ (17), മുഹമ്മദ് ഇക്ബാൽ ഖാൻ എന്നിവരാണു കൊല്ലപ്പെട്ടത്. മന്ത്രിയുടെ സംഘത്തിലെ ഒരു വാഹനത്തിന്റെ ഡ്രൈവർക്കു സാരമായ പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചശേഷം മന്ത്രിയും സംഘവും ശ്രീനഗറിലേക്കു തിരിച്ചു.

പ്രതിഷേധിച്ച നാട്ടുകാർക്കെതിരെ പൊലീസും അർധസൈനികരും വെടിവച്ചതായി ആരോപണമുണ്ട്. 2016ൽ കൊല്ലപ്പെട്ട ഹിസ്ബുൽ ഭീകരൻ ബുർഹാൻ വാനിയുടെ നാടാണു ട്രാൽ. ഇതേസമയം, റംബാൻ ജില്ലയിൽ ഭീകരർ സശസ്ത്ര സീമാബെൽ ക്യാംപിനുനേരെ നടത്തിയ ആക്രമണത്തിൽ ഹെഡ് കോൺസ്റ്റബിൾ റാം പ്രവേശ്വസ് കൊല്ലപ്പെട്ടു. അസി. സബ് ഇൻസ്പെക്ടർ ശ്യാം സൂദിനു പരുക്കേറ്റു. രണ്ടു തോക്കുകൾ തട്ടിയെടുത്ത ഭീകരർ രക്ഷപ്പെട്ടു.

അക്രമികൾക്കായി സൈന്യവും പൊലീസും തിരച്ചിൽ നടത്തുന്നു. രണ്ടു ദിവസത്തെ ശാന്തതയ്ക്കുശേഷം നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ വീണ്ടും വെടിനിർത്തൽ ലംഘനം നടത്തി. അർണിയ സെക്ടറിൽ മൂന്നു ഗ്രാമീണർക്കു പരുക്കേറ്റു. കെരാൻ സെക്ടറിൽ അതിർത്തിയിൽ പട്രോളിങ്ങിനിടെ പാക്ക് സൈന്യത്തിന്റെ വെടിയേറ്റു വീരമൃത്യുവരിച്ച സൈനികൻ രാജേഷ് ഖത്രി(27)ക്കു രാഷ്ട്രം പ്രണാമം അർപ്പിച്ചു. സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം സംസ്ഥാന മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ആദരം അർപ്പിക്കാനെത്തി.