Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിർമലയെ പാർലമെന്ററി ബോർഡിൽ നിയമിക്കാൻ നീക്കം; കടുത്ത എതിർപ്പ്

BJP

ന്യൂഡൽഹി ∙ കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമനെ ബിജെപിയുടെ പരമോന്നത സമിതിയായ പാർലമെന്ററി ബോർഡിൽ ഉൾപ്പെടുത്താനുള്ള പാർട്ടി അധ്യക്ഷൻ അമിത് ഷായുടെ നീക്കത്തോട് ആർഎസ്എസിനും മുതിർന്ന ബിജെപി നേതാക്കൾക്കും കടുത്ത വിയോജിപ്പ്.

ബിജെപി ദേശീയ ഭാരവാഹി നിരയിലെ അഴിച്ചുപണി വൈകിക്കുന്ന രീതിയിൽ രൂക്ഷമായിരിക്കുകയാണ് ഉൾപ്പാർട്ടി സംഘർഷം. ‌വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായതോടെയാണു ബോർഡിൽ ഒഴിവുണ്ടായത്. ബിജെപിയുടെ ദക്ഷിണേന്ത്യൻ മുഖമായി നിർമല സീതാരാമനെ അവതരിപ്പിക്കാനാണു നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ശ്രമം. ആന്ധ്രക്കാരനായ ബിജെപി ജനറൽ സെക്രട്ടറി റാം മാധവിനെ ബോർഡ് അംഗമാക്കണമെന്നതാണ് ആർഎസ്എസിന്റെ താൽപര്യം. പന്ത്രണ്ടംഗ സമിതിയാണു പാർലമെന്ററി ബോർഡ്. നിലവിൽ ബോർഡിൽ ദക്ഷിണേന്ത്യയിൽ നിന്ന് കേന്ദ്രമന്ത്രി അനന്ത്കുമാർ മാത്രമാണുള്ളത്.

മന്ത്രിസഭാ രൂപീകരണ വേളയിൽ സ്മൃതി ഇറാനിക്കു കാബിനറ്റ് പദവി നൽകിയതിനെതിരെ പാർട്ടിക്കുള്ളിലുണ്ടായ മുറുമുറുപ്പിനെക്കാൾ ശക്തമാണു നിർമല സീതാരാമന്റെ അതിവേഗ വളർച്ചയിൽ മുതിർന്ന നേതാക്കൾക്കുള്ള അസന്തുഷ്ടി. നിതിൻ ഗ‍ഡ്കരിയെ പ്രതിരോധ മന്ത്രിയാക്കണമെന്ന നിർദേശം നരേന്ദ്ര മോദി അവഗണിച്ചതിന്റെ അമർഷവും ആർഎസ്എസിനും മുതിർന്ന ബിജെപി നേതാക്കൾക്കുമുണ്ട്. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്ങും സുഷമ സ്വരാജും പിന്തുണച്ചിരുന്നതും ഗഡ്കരിയെയാണ്.

മറയില്ലാതെ നിർവാഹക സമിതി

ഉൾപ്പാർട്ടി സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണെങ്കിലും, ബിജെപി ദേശീയ നിർവാഹക സമിതിയുടെ 25നു ചേരുന്ന വിപുലയോഗം മാധ്യമ സാന്നിധ്യത്തിലാകും. ദേശീയ കൗൺസിൽ യോഗങ്ങൾ മാധ്യമ സാന്നിധ്യത്തിലും നിർവാഹക സമിതികൾ മാധ്യമങ്ങളില്ലാതെയും ചേരുന്നതാണു പതിവുരീതി. തിങ്കളാഴ്ച ചേരുന്നതു വിപുലമായ നിർവാഹക സമിതിയാണ്. അംഗങ്ങൾക്കു പുറമേ എംപിമാർ, എംഎൽഎമാർ, എംഎൽസിമാർ, സംസ്ഥാന ജനറൽ സെക്രട്ടറിമാർ എന്നിവർക്കും ക്ഷണമുണ്ട്. ജനസംഘ സ്ഥാപകൻ ദീൻദയാൽ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനം കൂടിയാണു സമ്മേളനം.