Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപിയെ കുത്തി നോവിച്ച് ഗുജറാത്തിൽ സമൂഹമാധ്യമ പ്രചാരണം; ഏറ്റെടുത്ത് കോൺഗ്രസ്

Gujarat

അഹമ്മദാബാദ് ∙ ഗുജറാത്ത് സർക്കാരിന്റെ വികസന രാഷ്ട്രീയത്തെ പരിഹസിക്കുന്ന ‘വികസനത്തിനു വട്ടായി’ പ്രചാരണം സമൂഹമാധ്യമങ്ങളിൽ വൈറലായതിനു തൊട്ടുപിന്നാലെ, അധികാരത്തിലേറിയാൽ പെട്രോളിനും ഡീസലിനുമുള്ള സംസ്ഥാന നികുതിയിൽ ഇളവ് അനുവദിക്കുമെന്ന പ്രഖ്യാപനവുമായി കോൺഗ്രസ്.

ഗുജറാത്ത് വികസന മോഡലിനെതിരെ പരിഹാസവുമായി എൻജിനീയറിങ് വിദ്യാർഥി കഴിഞ്ഞ മാസം ഫെയ്സ്ബുക്കിൽ തുടങ്ങിയ പ്രചാരണമാണു സമൂഹമാധ്യമങ്ങളിൽ പടർന്നുപിടിച്ചത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സമൂഹമാധ്യമങ്ങളിൽ വോട്ടുപിടിത്തം ഊർജിതമാക്കിയ ബിജെപിക്ക് ഇതു തിരിച്ചടിയായി. ഡിസംബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർമാരിലെത്താൻ കോൺഗ്രസും നവരാത്രിയോടനുബന്ധിച്ചു സമൂഹമാധ്യമങ്ങളിൽ പ്രചാരണം ഊർജിതമാക്കി. അധികാരത്തിലെത്തിയാൽ പെടോളിനും ഡീസലിനും മേലുള്ള സംസ്ഥാന മൂല്യവർധിത നികുതി ഇളവു ചെയ്യുമെന്നും ഇന്ധനവില കുറയ്ക്കുമെന്നുമായിരുന്നു ആദ്യദിവസത്തെ വാഗ്ദാനം.

ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഔദ്യോഗികമായി തുടക്കംകുറിച്ചിരുന്നു. ഇതിനു പിന്നാലെയാണു കോൺഗ്രസും രംഗത്തെത്തിയത്. നവരാത്രികാലത്തു ബിജെപി സർക്കാരിന്റെ കൊള്ളരുതായ്മകളെ പരിഹസിക്കുന്ന തരത്തിലുള്ള ഗർബ നൃത്തപ്പാട്ടുകളും കോൺഗ്രസ് പുറത്തിറക്കുന്നുണ്ട്. വികസനത്തിനു വട്ടായി (വികാസ് ഗന്ദോ തായോ ചേ) എന്ന പരിഹാസപ്രചാരണത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിച്ച വമ്പിച്ച ജനപ്രീതി നിലനിർത്താനാണു കോൺഗ്രസ് ശ്രമം. ആക്സിലൊടിഞ്ഞ് ഓടാതെ കിടക്കുന്ന ബസിന്റെ അടിക്കുറിപ്പായി വികാസ് ഗന്ദോ തായോ ചേ എന്നു ചേർത്തു കഴിഞ്ഞ മാസം ഫെയ്സ്ബുക്കിൽ സാഗർ സവാലിയ എന്ന എൻജിനീയറിങ് വിദ്യാർഥിയിട്ട പോസ്റ്റാണു വൈറലായത്. ഇതിനോടു പ്രതികരിക്കാതിരിക്കാൻ പറ്റാത്ത അവസ്ഥയിലായിത്തീർന്നിരുന്നു ബിജെപി.

വികസനം പാളിപ്പോയിരിക്കാം, എന്നാൽ അഴിമതിക്കും ദാരിദ്ര്യത്തിനും തൊഴിലില്ലായ്മയ്ക്കും എതിരെയുള്ള പ്രവർത്തനങ്ങൾ പാളിയിട്ടില്ല എന്നു മുഖ്യമന്ത്രി വിജയ് രൂപാണിക്കുതന്നെ പൊതുവേദിയിൽ പറയേണ്ടതായും വന്നു. ഈ പ്രചാരണത്തോട് ഒരു തരത്തിലും പ്രതികരിക്കരുതെന്നു കേന്ദ്ര ധനമന്ത്രിയും ബിജെപിയുടെ ഗുജറാത്ത് തിരഞ്ഞെടുപ്പുപ്രചാരണ ചുമതലക്കാരനുമായ അരുൺ ജയ്റ്റ്ലി സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. സാഗറിന്റെ ഫെയ്സ്ബുക് പോസ്റ്റ് പിന്നീടു പൊതുനിരത്തുകളിൽ പോസ്റ്ററുകളായും അറിയിപ്പു ഫ്ലക്സുകളായും പടർന്നുപിടിക്കുകയായിരുന്നു. നഗരത്തിൽ തകർന്ന റോഡുകൾക്കടുത്തു മുന്നറിയിപ്പുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തു: ‘‘സൂക്ഷിക്കുക, കൂടുതൽ വികസനം മുന്നിലുണ്ട്.’’ പട്ടേൽ സംവരണ പ്രക്ഷോഭ നായകൻ ഹാർദിക് പട്ടേലിന്റെ ഉറ്റകൂട്ടാളിയാണു സാഗർ.

related stories