Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുപ്രീം കോടതി വിധിച്ചു: ഗോസംരക്ഷകർ കൊലപ്പെടുത്തിയവരുടെ ബന്ധുക്കൾക്കു നഷ്ടപരിഹാരം നൽകണം

Supreme Court

ന്യൂഡൽഹി ∙ ഗോസംരക്ഷണത്തിന്റെ പേരിൽ അക്രമങ്ങൾക്കിരയായവരുടെ ബന്ധുക്കൾക്കു നഷ്ടപരിഹാരം നൽകാൻ സംസ്ഥാനങ്ങൾ‌ക്കു ബാധ്യതയുണ്ടെന്നു സുപ്രീം കോടതി. രാജസ്ഥാനിലെ അൽവാറിൽ ഗോസംരക്ഷകർ അടിച്ചുകൊന്ന പെഹ്‌ലു ഖാൻ, ട്രെയിൻ യാത്രയ്ക്കിടെ അക്രമികൾ കുത്തിക്കൊന്ന ജുനൈദ് തുടങ്ങിയവരുടെ കുടുംബങ്ങൾക്കു നഷ്ടപരിഹാരം നൽകണമെന്നു മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്സിങ് വാദിച്ചു. തുടർന്നാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിധി. തുഷാർ ഗാന്ധിയാണു പരാതിക്കാരൻ.

നിയമം കൈയിലെടുക്കുന്ന ഗോസംരക്ഷകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഗോസംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങൾ അന്വേഷിക്കാൻ മാത്രം എല്ലാ ജില്ലകളിലും നോഡൽ പൊലീസ് ഓഫിസർമാരെ നിയോഗിക്കണമെന്ന ഉത്തരവ് എത്രത്തോളം നടപ്പാക്കിയെന്നു കാട്ടി സംസ്ഥാനങ്ങൾ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. ഡിവൈഎസ്പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ അടുത്തമാസം 13നുമുൻപ് നോഡൽ ഓഫിസർമാരായി നിയമിക്കണമെന്നായിരുന്നു മുൻ ഉത്തരവ്.

സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ടെന്നു ഗുജറാത്ത്, കർണാടക, ജാർഖണ്ഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ കോടതിയെ അറിയിച്ചു. ബിഹാറും മഹാരാഷ്ട്രയും ഉടൻ സത്യവാങ്മൂലം നൽകും. ഇതേസമയം, ഗോസംരക്ഷകരുടെ മർദനത്തിന് ഇരയായവർക്കു നീതി നിഷേധിക്കുന്നതിനൊപ്പം അവരെയും ബന്ധുക്കളെയും കേസെടുത്തു ദ്രോഹിക്കുന്ന സാഹചര്യമുണ്ടെന്നു മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു.

related stories