Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിന്ദിയിൽ ‘പിടിമുറുക്കാൻ’ ആഹ്വാനം

M. Venkaiah Naidu

ന്യൂഡൽഹി ∙ ഹിന്ദിക്കു വേണ്ടി വാദിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും കേന്ദ്രമന്ത്രി ഹർഷ്‍ വർധനും. കഴിവതും ഹിന്ദി തന്നെ സംസാരിക്കണമെന്നും അപ്പുറത്തുള്ളയാൾക്കു മനസിലാകുന്നില്ലെങ്കിൽ മാത്രമേ മറ്റു ഭാഷകളിലേക്കു പോകാവൂ എന്നും മൊഹാലിയിൽ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിന്റെ നേതൃത്വ ഉച്ചകോടിയിൽ വെങ്കയ്യ നായിഡു ആഹ്വാനം ചെയ്തു. 

ഔദ്യോഗിക ചടങ്ങുകളിൽ കഴിവതും രാഷ്ട്രഭാഷയായ ഹിന്ദി ഉപയോഗിക്കണമെന്നു സശസ്ത്ര സീമാബൽ (എസ്എസ്ബി) നടത്തിയ സെമിനാറിലാണു ഹർഷ്‌വർധൻ ആവശ്യപ്പെട്ടത്. മന്ത്രാലയത്തിൽ നടക്കുന്ന പരിപാടികളിൽ 95 ശതമാനവും ഇംഗ്ലിഷിലാണ് അവതരിപ്പിക്കുന്നത്. അതു തെറ്റല്ലെങ്കിലും രാഷ്ട്രഭാഷ ഉപയോഗിച്ചാൽ ചടങ്ങുകളുടെ അന്തരീക്ഷം കൂടുതൽ പ്രസാദാത്മകമാകുമെന്നു മന്ത്രി പറഞ്ഞു. 

ഹിന്ദി രാഷ്ട്രഭാഷയാണോ?

ഹിന്ദി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാണെന്നു പലരും പറയാറുണ്ടെങ്കിലും അത്തരമൊരു പദവി യഥാർഥത്തിൽ ഇല്ല. ഒരു ഭാഷയ്ക്കും ഇന്ത്യയിൽ രാഷ്ട്രഭാഷ എന്ന സ്ഥാനം നൽകിയിട്ടില്ല. ഭരണഘടന അംഗീകരിച്ച ഇരുപതിൽപരം ഭാഷകളിൽ ഒന്നാണ് ഹിന്ദി. ദേശീയ ഭാഷയെന്ന ആവശ്യത്തിനു ഭരണഘടനാ സാധുതയില്ലെന്നു വിവിധ കോടതികളും നിരീക്ഷിച്ചിട്ടുണ്ട്. 

പുരാതന ഇന്ത്യയിലെ മന്ത്രിസഭയെക്കുറിച്ച് ഉപരാഷ്ട്രപതി: 

ദുർഗാദേവി – പ്രതിരോധം 

ലക്ഷ്മീദേവി – ധനകാര്യം 

മൊഹാലി (പഞ്ചാബ്) ∙ പുരാതന ഭാരത്തിൽ ദുർഗ പ്രതിരോധമന്ത്രിയും ലക്ഷ്മി ധനമന്ത്രിയുമായിരുന്നുവെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇന്ത്യൻ ബിസിനസ് സ്കൂൾ ഉച്ചകോടിയിൽ സ്ത്രീശാക്തീകരണത്തെക്കുറിച്ചു പറഞ്ഞപ്പോഴാണു നിർണായകമായ ‘രണ്ടു വകുപ്പുകൾ കൈകാര്യം ചെയ്ത’ ദേവികളെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചത്. ‘നമ്മുടെ ചരിത്രത്തിലെ ഏറ്റവും മഹത്തായ കാലഘട്ടം രാമരാജ്യമായിരുന്നു. പക്ഷേ, ഇപ്പോൾ അതേക്കുറിച്ചു പറഞ്ഞാൽ വർഗീയതയാണെന്നു പറയും’ – ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. അസഹിഷ്ണുതയെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ ഇന്ത്യൻ സമൂഹം അസഹിഷ്ണുതയുള്ളതായിത്തീരുന്നു എന്നതു ശരിയല്ല. ജനാധിപത്യത്തിൽ അഭിപ്രായ സ്വാതന്ത്ര്യം വേണം, പക്ഷേ അതു ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽ നിൽക്കുന്നതായിരിക്കണം – അദ്ദേഹം പറഞ്ഞു.