Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേജ്‌രിവാളിന്റെ എഎപി ക്ഷണം കമൽഹാസൻ നിരസിച്ചെന്ന് സൂചന

kamal-kejriwal1 ധൈര്യമായി ഇറങ്ങൂന്നേ.. ചെന്നൈയിൽ തന്റെ വീട്ടിലെത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനൊപ്പം നടൻ കമൽഹാസൻ വാർത്താസമ്മേളനത്തിൽ. കമൽ രാഷ്ട്രീയത്തിലിറങ്ങണമെന്നു കേജ്‌രിവാൾ അഭ്യർഥിച്ചു. ചിത്രം: പിടിഐ

ചെന്നൈ ∙ നടൻ കമൽഹാസനെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ചെന്നൈയിലെ വസതിയിൽ സന്ദർശിച്ചു. കേജ്‌രിവാളിന്റെ അഴിമതി വിരുദ്ധ പോരാട്ടത്തിൽ മതിപ്പ് അറിയിച്ചെങ്കിലും ആംആദ്മി പാർട്ടിയിലേക്കുള്ള ക്ഷണം കമൽ നിരസിച്ചതായാണു സൂചന.

മികച്ച നടനും ആർജവമുള്ള വ്യക്തിയുമായ കമലിന്റെ ആരാധകനാണെന്നു പറഞ്ഞ ഡൽഹി മുഖ്യമന്ത്രി, അദ്ദേഹത്തെപ്പോലെയുള്ളവർ രാഷ്ട്രീയത്തിൽ വരണമെന്ന് അഭിപ്രായപ്പെട്ടു. ‘ഞങ്ങൾ ഇനിയും കാണും’ എന്നും കൂട്ടിച്ചേർത്തു. 

ദേശീയ രാഷ്ട്രീയത്തിലെ അഴിമതി വിരുദ്ധ മുഖമായ കേജ്‌രിവാളുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചതു ഭാഗ്യമാണെന്നു പറഞ്ഞ കമൽഹാസൻ, രാജ്യം ഭീഷണി നേരിടുമ്പോൾ സമാന ചിന്താഗതിക്കാർ ഒരുമിച്ചുനിൽക്കണമെന്നും ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രയിൽ ഒൻപതു ദിവസം നീണ്ട വിപസ്സന ധ്യാനത്തിനു ശേഷമാണു കേജ്‌രിവാൾ ചെന്നൈയിലെത്തിയത്. കമൽഹാസന്റെ മകൾ അക്ഷര വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. നേരത്തേ മുഖ്യമന്ത്രി പിണറായി വിജയനെ തിരുവനന്തപുരത്തെത്തി കമൽ കണ്ടിരുന്നു. ഇതെക്കുറിച്ചു ചോദിച്ചപ്പോൾ, താൻ രാഷ്ട്രീയ വിനോദസഞ്ചാരത്തിലാണെന്നും അതിന്റെ ഭാഗമായാണു വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതെന്നുമായിരുന്നു കമലിന്റെ മറുപടി.