Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുരുദാസ്പുരിലെ ബിജെപി സ്ഥാനാർഥി സലാരിയയുടെ ആസ്തി 736 കോടി ഏഴ് ലക്ഷം രൂപ!

swaran-singh-salaria

ന്യൂഡൽഹി∙ കേരളത്തിലെ വേങ്ങര നിയമസഭാ മണ്ഡലത്തോടൊപ്പം തിരഞ്ഞെടുപ്പു നടക്കുന്ന പഞ്ചാബിലെ ഗുരുദാസ്പുർ ലോക്സഭാ മണ്ഡലത്തിൽ ബിജെപി, കോൺഗ്രസ്, ആം ആദ്മി പാർട്ടികളുടെ സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു. ബിജെപി സ്ഥാനാർഥി സ്വരൺ സിങ് സലാരിയ 589 കോടി ആറു ലക്ഷം രൂപയുടെ ആസ്തിയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഭാര്യ സന്തോഷ് സലാരിയയുടെ 147 കോടി ഒരു ലക്ഷം രൂപയുടെ ആസ്തി കൂടി ചേർത്താൽ 736 കോടി ഏഴു ലക്ഷം രൂപയുടെ ആസ്തിയാണ് ഇവർക്കുള്ളത്. കോൺഗ്രസ് സ്ഥാനാർഥി സുനിൽ ഝാക്കർ മൂന്നു കോടി 94 ലക്ഷം രൂപയുടെ ആസ്തി വെളിപ്പെടുത്തിയിട്ടുണ്ട്. ഭാര്യ സിൽവിയ ഝാക്കർക്ക് 20 കോടി 18 ലക്ഷം രൂപയുടെ ആസ്തിയുമുണ്ട്. ഇരുവർക്കും കൂടി 24 കോടി ഒരു ലക്ഷം. ആം ആദ്മി സ്ഥാനാർഥി മേജർ ജനറൽ (റിട്ട) സുരേഷ് കുമാർ ഖജൂരിയ നാലു കോടി 11 ലക്ഷം രൂപയുടെ സ്വത്താണു വെളിപ്പെടുത്തിയിരിക്കുന്നത്. ഭാര്യ തൃപ്തയ്ക്കു രണ്ടു കോടി വേറെയുമുണ്ട്. 

ഡിറ്റക്ടീവ് ഏജൻസി മുതൽ മദ്യവ്യവസായം വരെ

ബിജെപിയുടെ സ്വരൺ സിങ് സലാരിയ മുംബൈയിലെ വ്യവസായിയാണ്. മുംബൈ ജൂഹു മഹേക്കിൽ എബി നായർ റോഡിലെ സലാരിയ ബംഗ്ലാവിലാണു താമസം. സലാരിയ ഇൻഡസ്ട്രീസ്, ട്രിഗ് ഗാർഡ് ഫോഴ്സ് എന്ന സെക്യൂരിറ്റി ഏജൻസി, ഡിറ്റക്ടീവ് ഏജൻസി, സിം സാം എയർവേയ്സ്, സ്നോപീക് ഹോട്ടൽ, സിം സാം ഹോട്ടലുകൾ എന്നിവയ്ക്കു പുറമേ മദ്യവ്യവസായവുമുണ്ട്. പഠാൻകോട്ടിൽ ചിന്ത്പൂർണി മെഡിക്കൽ കോളജും ഇദ്ദേഹത്തിന്റേതാണ്. 

ശതകോടീശ്വര ജനസേവകർ

രാജ്യത്ത് ഇതിലേറെ സ്വത്തു വെളിപ്പെടുത്തിയ നേതാക്കളുണ്ട്. കർണാടകയിലെ ബിജെപി എംഎൽഎ ആനന്ദ് സിങ് 900 കോടി രൂപയുടെ സ്വത്തുക്കളാണു 2014 ൽ വെളിപ്പെടുത്തിയത്. കോൺഗ്രസ് നേതാവ് രാജ്യസഭാംഗമായിരുന്ന അഭിഷേക് സിങ്‌വി 860 കോടി രൂപയുടെയും തെലുഗുദേശത്തിന്റെ ലോക്സഭാംഗം നാമ നാഗേശ്വരറാവു 800 കോടിയുടെയും ആസ്തി വെളിപ്പെടുത്തിയിരുന്നു. 

വൻ സമ്പത്തിന് ഉടമയായ മറ്റു ചില നേതാക്കൾ: ഡോ. മഹേന്ദ്രപ്രസാദ് –750 കോടി രൂപ, ജയാ ബച്ചൻ– 400 കോടി രൂപ, സത്യനാരായണ ചൗധരി –150 കോടി, നവീൻ ജിൻഡാൾ–130 കോടി, അനിൽ എച്ച് ലാദ് –140 കോടി.