Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് യുഎന്നിൽ സുഷമാ സ്വരാജ്

sushma-swaraj ന്യൂയോർക്കിൽ യുഎൻ പൊതുസഭയിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പ്രസംഗിക്കുന്നു.

ന്യൂയോർക്ക് ∙ ഇന്ത്യ ആഗോള ഐടി മേഖലയിലെ വൻശക്തിയെന്നു വിശേഷിപ്പിക്കപ്പെടുമ്പോൾ പാക്കിസ്ഥാൻ ഭീകരരുടെ ഫാക്ടറിയെന്നാണ് അറിയപ്പെടുന്നതെന്നു വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഐക്യരാഷ്ട്ര സഭയുടെ 72–ാം പൊതുസഭാ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അവര്‍. പാക്കിസ്ഥാനിലെ ഭീകരസംഘടനകൾ ഇന്ത്യയെ മാത്രമല്ല, മറ്റ് അയൽരാജ്യങ്ങളായ അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ് എന്നിവയെയും ദ്രോഹിച്ചുകൊണ്ടിരിക്കുകയാണ്. മുഹമ്മദാലി ജിന്നയ്ക്ക് ഇന്ത്യയുമായി സൗഹൃദത്തിലധിഷ്ഠിതമായ വിദേശനയത്തിനു താൽപര്യമുണ്ടായിരുന്നെന്ന പാക്ക് പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കു മറുപടിയായി, അക്കാര്യത്തിൽ സംശയമുണ്ടെന്നും സുഷമ പറഞ്ഞു.

പ്രധാനമന്ത്രിയായി നിയമിതനായതിനു ശേഷം തികച്ചും സൗഹാർദപരമായ സമീപനമാണ് നരേന്ദ്രമോദി പാക്കിസ്ഥാനോടു സ്വീകരിച്ചത്. ഇക്കാര്യത്തിൽ പാക്കിസ്ഥാൻ പുറംതിരിഞ്ഞുനിന്നതെന്തു കൊണ്ടാണെന്നു പാക്ക് പ്രധാനമന്ത്രി വ്യക്തമാക്കണം പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹീദ് കഖാൻ അബ്ബാസി കഴിഞ്ഞ ദിവസം ഇന്ത്യ മനുഷ്യാവകാശ ധ്വംസനം നടത്തുന്നെന്ന ആരോപണമുന്നയിച്ചതിനു മറുപടിയായി, ഒരു ഭാഗത്തു ഭീകരരെ വളര്‍ത്തുകയും മറുഭാഗത്തു മനുഷ്യത്വത്തെക്കുറിച്ചു വാചാലരാകുകയും ചെയ്യുന്ന കള്ളനാണയമാണു പാക്കിസ്ഥാനെന്നു സുഷമ അഭിപ്രായപ്പെട്ടു. ഹിന്ദിയിലായിരുന്നു മന്ത്രിയുടെ പ്രസംഗം. ഇതു രണ്ടാം തവണയാണ് ഐക്യരാഷ്ട്ര സഭയിൽ സുഷമ ഹിന്ദിയിൽ സംസാരിക്കുന്നത്.

ഐഐടി, ഐഐഎം പോലുള്ള ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങൾ ഇന്ത്യ നിർമിച്ചു, എന്നാൽ ഭീകരവാദത്തിനപ്പുറം എന്താണു പാക്കിസ്ഥാൻ ലോകത്തിനു നൽകിയത്? വിവിധ മേഖലകളിലെ വിദഗ്ധൻമാരെ ഇന്ത്യ ലോകത്തിനു നൽകിയപ്പോൾ പാക്കിസ്ഥാൻ രൂപംനൽകിയതു ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുൽ മുജാഹിദീൻ തുടങ്ങിയ ഭീകര സംഘടനകളെയാണ്. ഇന്ത്യ ദാരിദ്ര്യത്തിനെതിരായി യുദ്ധം ചെയ്യുമ്പോൾ പാക്കിസ്ഥാനു താൽപര്യം ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യാൻ മാത്രമാണ്. - സുഷമാ സ്വരാജ്

‘നോട്ടുനിരോധനം ധീരമായ തീരുമാനം’

ന്യൂയോർക്ക്∙ കള്ളപ്പണത്തെ തടയാനായുള്ള ഏറ്റവും ധീരമായ തീരുമാനമായിരുന്നു നോട്ടുനിരോധനമെന്നു സുഷമ സ്വരാജ്. പലവിധ നികുതികളാൽ ജനങ്ങളെ കഷ്ടപ്പെടുത്താതെ ഒറ്റ നികുതി രാജ്യത്തു നടപ്പാക്കാനുള്ള ശ്രമമായിരുന്നു ജിഎസ്ടി. പൂർണമായ ദാരിദ്ര്യനിർമാർജനമാണു സർക്കാരിന്റെ ലക്ഷ്യമെന്നും അവർ പറഞ്ഞു. യുഎൻ രക്ഷാസമിതിയിൽ അഴിച്ചുപണി വേണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ചു. പുതിയ സെക്രട്ടറി ജനറലിൽ വലിയ പ്രതീക്ഷകളാണുള്ളതെന്നും പറഞ്ഞു.