Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്ക് ആണവകേന്ദ്രങ്ങളും ലക്ഷ്യമാക്കും: വ്യോമസേനാ മേധാവി

Birender Singh Dhanoa

ന്യൂഡൽഹി ∙ വേണ്ടിവന്നാൽ പാക്കിസ്ഥാന്റെ ആണവകേന്ദ്രങ്ങളും മറ്റു തന്ത്രപ്രധാന ഇടങ്ങളും കണ്ടെത്താനും ആഞ്ഞടിക്കാനും വ്യോമസേനയ്ക്കാവുമെന്നു സേനാമേധാവി എയർ ചീഫ് മാർഷൽ ബി.എസ്.ധനോവ. പാക്കിസ്ഥാന്റെ കൈവശമുള്ള അണ്വായുധങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

‘‘നമുക്കൊരു ആണവനയമുണ്ട്. ശത്രു അണ്വായുധം പ്രയോഗിച്ചാൽ എന്തു ചെയ്യണമെന്ന് അതിൽ ഉത്തരമുണ്ട്.’’ – പാക്കിസ്ഥാൻ അണ്വായുധം പ്രയോഗിച്ചാൽ നേരിടാൻ ഇന്ത്യ ആവിഷ്കരിച്ച ‘കോൾഡ് സ്റ്റാർട്ട്’ തന്ത്രത്തെ സൂചിപ്പിച്ചു ധനോവ പറഞ്ഞു. ഇന്ത്യയുടെ തന്ത്രത്തെ ചെറുക്കാൻ പാക്കിസ്ഥാൻ ഹ്രസ്വദൂര അണ്വായുധങ്ങൾ വികസിപ്പിച്ചെന്നു പാക്ക് പ്രധാനമന്ത്രി ഷാഹിദ് കഖാൻ അബ്ബാസി കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു.

ഒറ്റ എൻജിൻ പോർവിമാനവ്യൂഹം സ്വന്തമാക്കുന്നതിനുള്ള നടപടി വ്യോമസേന ഈ മാസം തുടങ്ങുമെന്നും സേനാ മേധാവി പറഞ്ഞു. വിദേശ – ഇന്ത്യൻ കമ്പനിയുടെ യോജിച്ച പ്രവർത്തനത്തിലൂടെ ഇവ നിർമിക്കാനാണു ലക്ഷ്യമിടുന്നത്. ഇരട്ട എൻജിൻ പോർവിമാനങ്ങളായ റഫാൽ വാങ്ങുന്നതിനു ഫ്രഞ്ച് സർക്കാരുമായി 2016 സെപ്റ്റംബറിൽ ഇന്ത്യ കരാറുണ്ടാക്കിയിരുന്നു. 36 റഫാൽ വാങ്ങുന്നതിനാണു നിലവിലെ കരാറെങ്കിലും 36 എണ്ണംകൂടി വാങ്ങാൻ പദ്ധതിയുണ്ട്. 2019 മുതൽ ഇവ ലഭിച്ചുതുടങ്ങും. 36 സുഖോയ് വിമാനങ്ങളും 2019ൽ ലഭിച്ചുതുടങ്ങും.

related stories