Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാന്ധി വധം: പുനരന്വേഷണ ഹർജിയിൽ നടപടി തുടരാൻ സുപ്രീം കോടതി

mahatma-gandhi

ന്യൂഡൽഹി ∙ മഹാത്മാഗാന്ധി കൊല്ലപ്പെട്ട സംഭവം പുനരന്വേഷിക്കണമെന്ന ഹർജിയിൽ മുതിർന്ന അഭിഭാഷകൻ അമരേന്ദർ ശരണിനെ അമിക്കസ് ക്യൂറിയായി സുപ്രീം കോടതി നിയമിച്ചു. പുനരന്വേഷണത്തിൽ നിയമപരമായി ഒന്നും ചെയ്യാനാവില്ലെന്നു കോടതി ആദ്യം അഭിപ്രായപ്പെട്ടെങ്കിലും പിന്നീടു നിലപാടു മാറ്റി വിഷയത്തിൽ സഹായിക്കാൻ മുൻ സോളിസിറ്റർ ജനറലായ ശരണിന്റെ സഹായം തേടുകയായിരുന്നു. പുനരന്വേഷണത്തിന് ഉത്തരവിടാൻ സഹായകമായ തെളിവുകൾ ശേഖരിക്കുന്നതെങ്ങനെ എന്നതുൾപ്പെടെ ഒട്ടേറെ സംശയങ്ങൾ ഉന്നയിച്ച കോടതി, കേസ് വാദം കേൾക്കാൻ ഈ മാസം മുപ്പതിലേക്കു മാറ്റി.

ഗാന്ധി വധവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കണമെന്നും അന്വേഷണം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടു മുംബൈയിലെ അഭിനവ് ഭാരത് ട്രസ്റ്റി ഡോ. പങ്കജ് ഫഡ്നിസാണു സുപ്രീം കോടതിയെ സമീപിച്ചത്. ഗാന്ധി വധക്കേസ് പ്രതികളായ നാഥുറാം ഗോഡ്സെ, നാരായൺ ആപ്തെ എന്നിവരെ വധശിക്ഷയ്ക്കു വിധിക്കാൻ കോടതി ആധാരമാക്കിയ ‘മൂന്നു വെടിയുണ്ട’ വാദത്തെ ചോദ്യം ചെയ്യുന്നതാണു ഹർജി. കേസിലെ മറ്റൊരു പ്രതി വിനായക് ദാമോദർ സവർക്കറെ സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയച്ചിരുന്നു. വധശിക്ഷയ്ക്കു വിധിച്ച രണ്ടു പ്രതികളെക്കൂടാതെ മൂന്നാമതൊരു കൊലയാളി കൂടി ഉണ്ടായിരുന്നോ, കൊലപാതകത്തിനു ദൃക്സാക്ഷിയായ യുഎസ് രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥൻ ഗാന്ധിജിയെ രക്ഷിക്കാൻ ശ്രമിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങൾ കൂടി അന്വേഷിക്കണമെന്നാണ് ആവശ്യം.

മൂന്നാമതൊരു കൊലയാളിയുണ്ടെങ്കിൽ വിചാരണ നേരിടാൻ അയാൾ ജീവിച്ചിരിപ്പുണ്ടോ എന്നതുൾപ്പെടെയുള്ള സംശയങ്ങൾ കോടതി ചോദിച്ചു. എന്നാൽ, ബ്രിട്ടിഷ് പ്രത്യേക രഹസ്യാന്വേഷണ ഏജൻസിയായ ‘ഫോഴ്സ് 136’ ആവാം കൊലപാതകത്തിനു പിന്നിലെന്നായിരുന്നു ഫഡ്നിസിന്റെ വാദം. കൊലപാതകത്തിനു സാക്ഷിയായ യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ അന്നു രാത്രി വാഷിങ്ടനിലേക്ക് അയച്ച മൂന്നു റിപ്പോർട്ടുകളിൽ, ഇപ്പോഴും രഹസ്യരേഖയായ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.