Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിക്ഷേപങ്ങൾക്ക് ആധാർ; നിലവിലുള്ളവ ബന്ധിപ്പിക്കാൻ ഡിസംബർ 31 വരെ സമയം

Aadhaar

ന്യൂഡൽഹി ∙ പോസ്റ്റ് ഓഫിസ് നിക്ഷേപങ്ങൾ, പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്), ദേശീയ സമ്പാദ്യപദ്ധതി, കിസാൻ വികാസ് പത്ര എന്നിവയ്ക്കും ആധാർ നിർബന്ധമാക്കി. നിലവിലുള്ള നിക്ഷേപങ്ങൾ ആധാറുമായി ബന്ധിപ്പിക്കാൻ ഡിസംബർ 31 വരെ സമയം നൽകിയിട്ടുണ്ട്. പുതിയ നിബന്ധനകളുൾപ്പെടുത്തിയ പ്രത്യേക ഗസറ്റ് വിജ്ഞാപനങ്ങൾ ധനമന്ത്രാലയമാണു പുറപ്പെടുവിച്ചത്. 

ഇതേസമയം, ആധാർ നമ്പർ ഇനിയും ലഭിച്ചിട്ടില്ലാത്തവർ ആധാറിനു റജിസ്റ്റർ (എൻറോൾ) ചെയ്തതിനു തെളിവു നൽകിയാൽ മതി.

ബാങ്ക് നിക്ഷേപം, മൊബൈൽ നമ്പർ തുടങ്ങി അനവധി സേവനങ്ങൾക്ക് ആധാർ നേരത്തേ നിർബന്ധമാക്കിയിരുന്നു. ബെനാമി ഇടപാടുകൾ അവസാനിപ്പിക്കാനും കള്ളപ്പണം ഇല്ലാതാക്കാനുമായിരുന്നു ഇത്. സർക്കാർ സേവനങ്ങൾക്ക് ആധാർ നിർബന്ധിതമാക്കുന്നതു നേരത്തേ ഡിസംബർ 31 വരെ നീട്ടിയിരുന്നു. സെപ്റ്റംബർ 30ന് ഉള്ളിൽ ആധാർ സമ്പാദിച്ചിരിക്കണമെന്ന നിർദേശം വ്യാപക എതിർപ്പിനിടയാക്കിയതിനെ തുടർന്നായിരുന്നു ഇത്.

ആധാർ നിർബന്ധമാക്കിയ പദ്ധതികളിൽ ചിലത്

∙ പാവപ്പെട്ട സ്ത്രീകൾക്കു നൽകുന്ന പാചകവാതകം

∙ മണ്ണെണ്ണ, വളം സബ്സിഡി, പൊതുവിതരണം, ഗ്രാമീണ തൊഴിലുറപ്പ് 

∙ എംപ്ലോയീസ് പെൻഷൻ പദ്ധതി (1995), സ്കോളർഷിപ്പുകൾ

∙ എസ്‌സി, എസ്ടി സ്റ്റൈപൻഡ്, സ്കോളർഷിപ്, ഫെലോഷിപ്, നൈപുണ്യ വികസനം, വിദ്യാഭ്യാസ പദ്ധതികൾ, ഭിന്നശേഷിക്കാർക്കുള്ള സബ്സിഡി 

∙ ആം ആദ്മി ബിമ യോജന, അടൽ പെൻഷൻ പദ്ധതി, കൃഷി ഇൻഷുറൻസ്

∙ ഭവന സബ്സിഡി

35 മന്ത്രാലയങ്ങൾക്കു കീഴിലുള്ള 135 സേവനങ്ങളും പദ്ധതികളുമാണു വർഷാവസാനത്തോടെ ആധാറുമായി ബന്ധിപ്പിക്കേണ്ടത്. ആധാർ ‌നമ്പർ ലഭിക്കാത്തവർക്കും ആധാറിന് ഇതുവരെ അപേക്ഷിക്കാത്തവർക്കുമാണു കാലാവധി നീട്ടിയതിന്റെ ആനുകൂല്യം ലഭിക്കുക.