Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏതു ഭീഷണിയും നേരിടാൻ തയാർ: വ്യോമസേനാ മേധാവി

Indian Airforce Day ഗാസിയാബാദിൽ വ്യോമസേനാ ദിന പരേഡ് വീക്ഷിക്കുന്ന കരസേനാമേധാവി ജനറൽ ബിപിൻ റാവത്ത് , സച്ചിൻ ടെൻഡുൽക്കർ, എയർ ചീഫ് മാർഷൽ ബി.എസ്.ധനോവ, ഭാര്യ കമൽപ്രീത് തുടങ്ങിയവർ

ഹിൻഡൻ (യുപി) ∙ ഏതു സുരക്ഷാഭീഷണിയും നേരിടാൻ വ്യോമസേന സജ്ജമാണെന്നും കുറഞ്ഞ സമയത്തിനുള്ളിൽ യുദ്ധത്തിനു തയാറാണെന്നും വ്യോമസേനാ മേധാവി ബി.എസ്. ധനോവ.  സേനയുടെ 85–ാം വാർഷികത്തോടനുബന്ധിച്ചു നടത്തിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കരുതലോടെയിരിക്കേണ്ട സമയമാണിത്. ഏതു ഭീഷണിക്കും തക്ക മറുപടി നൽകാൻ സജ്ജമാണെന്നു ഞാൻ ഉറപ്പുനൽകുന്നു. ഏതാനും വർഷത്തിനുള്ളിൽ കൂടുതൽ സാങ്കേതികമികവു നാം കൈവരിക്കും.’– ധനോവ പറഞ്ഞു.

കഴിഞ്ഞ മാസം നിര്യാതനായ മാർഷൽ അർജൻ സിങ്ങിനും കഴിഞ്ഞദിവസം അരുണാചൽ പ്രദേശിൽ ഹെലികോപ്റ്റർ തകർന്നുവീണു മരിച്ച സേനാംഗങ്ങൾക്കും അദ്ദേഹം ആദരമർപ്പിച്ചു. ഹെലികോപ്റ്ററിന്റെ വാലറ്റത്തെ ഫാൻ തകരാറിലായതാകാം അപകടകാരണമെന്നു ധനോവ പറഞ്ഞു.

mig-pilots മോഹന സിങ്, ആവണി ചതുർവേദി, ഭാവന കാന്ത്

മിഗ് 21ൽ വനിതാ പൈലറ്റുമാർ തയാർ

വനിതാ പൈലറ്റുമാരായ ആവണി ചതുർവേദി, ഭാവന കാന്ത്, മോഹന സിങ് എന്നിവർ അടുത്തമാസം പരിശീലനം പൂർത്തിയാക്കി യുദ്ധവിമാനം പറത്തും. മിഗ് 21 ബൈസൻ വിമാനങ്ങളായിരിക്കും ഇവർക്കു നൽകുകയെന്നു വ്യോമസേനാ മേധാവി അറിയിച്ചു. യുദ്ധവിമാനം പറത്തുന്ന വ്യോമസേനയിലെ ആദ്യ വനിതാപൈലറ്റുമാരായ ഇവർ കടുത്ത പരിശീലനത്തിലാണ്.

related stories