Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ബൈക്കിൽ അഞ്ചുപേർ; ആ ‘കുടുംബ സവാരി’ക്കു മുന്നിൽ സുല്ലിട്ടു നമിച്ച് പൊലീസുകാരൻ

hilarious-reaction-of-policeman സമൂഹമാധ്യമങ്ങളിൽ വൈറലായ ചിത്രം

ഹൈദരാബാദ്∙ പതിവു ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന പൊലീസുകാരൻ ആ കാഴ്ച കണ്ട് അമ്പരന്നു. അഞ്ചുപേർ ഒരു ബൈക്കിൽ. ബൈക്ക് ഓടിക്കുന്നയാൾക്കു പുറമേ രണ്ടു കുട്ടികൾ മുന്നിലെ പെട്രോൾ ടാങ്കിനു മുകളിലും രണ്ടു സ്ത്രീകൾ പുറകിലും. ആർക്കും ഹെൽമറ്റുമില്ല. മാത്രമല്ല, തൊട്ടുമുൻപ് ഒന്നര മണിക്കൂറോളം താൻ നടത്തിയ ട്രാഫിക് ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്തയാളാണു ‘കുടുംബസമേതം’ നിയമലംഘനവുമായി മുന്നിലെത്തിയത്. നിരാശനായ പൊലീസുകാരൻ തലകുനിച്ച്, നമിച്ചു നിന്നുപോയി.

ഈ അപൂർവനിമിഷത്തിന്റെ ചിത്രം ട്രാഫിക് പൊലീസ് ട്വിറ്ററിൽ പങ്കുവച്ചതോടെ മണിക്കൂറുകൾക്കകം സമൂഹമാധ്യമത്തിൽ കത്തിപ്പടർന്നു. ആന്ധ്രാപ്രദേശിലെ അനന്തപുർ ജില്ലയിലെ മഡകാസിര സർക്കിൾ ഇൻസ്പെക്ടർ ബി.ശുഭകുമാറാണു ചിത്രത്തിലുള്ളത്. ബൈക്ക് ഓടിക്കുന്ന ഹനുമന്തരായിഡു ഇതേകുറ്റത്തിനു മുൻപും താക്കീതു ലഭിച്ചിട്ടുള്ളയാളാണ്. ‘ഹാൻഡിൽ ശരിക്കൊന്നു വളയ്ക്കാനോ കാലൊന്നനക്കാനോ പോലുമാകാതെ അപകടകരമായ രീതിയിലാണ് അയാളുടെ ഇരിപ്പ്. കുട്ടികളുടെ മുന്നിൽ ശാസിക്കാൻ തോന്നിയില്ല’ – സിഐ പറയുന്നു. ചോദിച്ചപ്പോൾ കൈയിൽ ലൈസൻസുമില്ല. പിഴയൊന്നും വാങ്ങിയില്ല. അമ്പലത്തിലേക്കാണെന്നു പറഞ്ഞതിനാൽ ഓട്ടോ വിളിച്ചു സ്ത്രീകളെയും കുട്ടികളെയും കയറ്റിവിട്ടു.