Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയുടെ ചടങ്ങ് ബഹിഷ്കരിച്ച് സിൻഹമാർ, ലാലുവും വിട്ടുനിന്നു

modi-nitish പട്‌ന സർവകലാശാലയുടെ ശതാബ്‌ദി ആഘോഷച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും. ചിത്രം: ജെ. സുരേഷ്

പട്‌ന∙ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിൽ ബിജെപിയുടെ മുതിർന്ന നേതാവ് യശ്വന്ത് സിൻഹ, പാർട്ടി എംപി ശത്രുഘ്‌നൻ സിൻഹ, രാഷ്‌ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവ് എന്നിവരുടെ അസാന്നിധ്യം വിവാദമാവുന്നു. പട്‌ന സർവകലാശാലാ ശതാബ്‌ദി ആഘോഷത്തിന്റെ ഉദ്‌ഘാടന ചടങ്ങാണു നേതാക്കളുടെ ബഹിഷ്‌കരണത്തിനു വേദിയായത്.

സർവകലാശാലയിലെ പൂർവവിദ്യാർഥികളായ മൂന്നു പേർക്കും വൈകിയാണു ക്ഷണക്കത്തു ലഭിച്ചതെന്നാണു പരാതി. നരേന്ദ്ര മോദിയുടെ കടുത്ത വിമർശകരായ മൂവരെയും ഒഴിവാക്കാൻ ശ്രമിച്ചതായാണ് ആരോപണം. ശത്രുഘ്‌നനും ലാലുവിനും ചടങ്ങിന്റെ തലേദിവസമാണു ക്ഷണം ലഭിച്ചത്. ലാലുവിനു വേദിയിൽ ഇരിപ്പിടം അനുവദിക്കാതെ അപമാനിക്കാനാണു ശ്രമിച്ചതെന്നു മകനും മുൻ മന്ത്രിയുമായ തേജ് പ്രതാപ് കുറ്റപ്പെടുത്തി. സ്‌ഥലം എംപിയായിട്ടും അവഗണിച്ചതിലുള്ള പ്രതിഷേധം ശത്രുഘ്‌നനും മറച്ചുവച്ചില്ല.

ബിജെപിയും ജെഡിയുവും വീണ്ടും സഖ്യത്തിലായതിനു ശേഷം നടന്ന ആദ്യ പൊതുചടങ്ങിൽ പ്രധാനമന്ത്രി, ഗവർണർ സത്യപാൽ മാലിക്, മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി, കേന്ദ്രമന്ത്രിമാരായ രവിശങ്കർ പ്രസാദ്, റാം വിലാസ് പാസ്വാൻ, ഉപേന്ദ്ര ഖുശ്‌വാഹ തുടങ്ങിയവർ പങ്കെടുത്തു.

2022ൽ ബിഹാറിനെ വികസിത സംസ്‌ഥാനമാക്കി മാറ്റുമെന്നു പ്രഖ്യാപിച്ച മോദി, ഇക്കാര്യത്തിൽ നടത്തുന്ന പരിശ്രമങ്ങൾക്കു മുഖ്യമന്ത്രി നിതീഷ് കുമാറിനെ അഭിനന്ദിച്ചു. വിവരസാങ്കേതിക വിദ്യയുടെ ചുവടുപിടിച്ചുള്ള മാറ്റങ്ങൾക്കു സർവകലാശാലകൾ തുടക്കമിടണമെന്ന് ആവശ്യപ്പെട്ട മോദി, പട്‌ന സർവകലാശാലയ്‌ക്കു കേന്ദ്രപദവി നൽകണമെന്ന നിതീഷിന്റെ ആവശ്യത്തിൽ പ്രഖ്യാപനത്തിനു മുതിർന്നില്ല. ചടങ്ങിനു ശേഷം മൊകാമയിലേക്കു പോയ പ്രധാനമന്ത്രി 3000 കോടി രൂപയുടെ റോഡ് വികസന പദ്ധതികൾക്കും തുടക്കമിട്ടു.

related stories