Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്തിൽ മത്സരം വികസനവാദവും വംശവാദവും തമ്മിൽ: നരേന്ദ്ര മോദി

modi തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി ഗുജറാത്തിൽ നടത്തിയ പ്രാദേശിക ഗൗരവ് യാത്രകളുടെ സമാപനസമ്മേളനത്തിൽ പങ്കെടുക്കുന്ന നരേന്ദ്ര മോദിയും അമിത് ഷായും.

അഹമ്മദാബാദ് ∙ വാഗ്ദാനപ്പെരുമഴയ്ക്കു പകരം പ്രാദേശിക വികാരം ആളിക്കത്തിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. നെഹ്റു–ഗാന്ധി കുടുംബവാഴ്ച ഗുജറാത്തിനെയും ഗുജറാത്തികളെയും ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തു നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വികസനവാദവും വംശവാദവും തമ്മിലാണു മത്സരിക്കുന്നതെന്നും തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി സംസ്ഥാനത്തു നടത്തിയ പ്രാദേശിക ഗൗരവ് യാത്രകളുടെ സമാപന സമ്മേളനത്തിൽ മോദി ചൂണ്ടിക്കാട്ടി.

നാളിതുവരെ കോൺഗ്രസ് ഒരു കുടുംബത്തെ രക്ഷിക്കാൻ മാത്രമായിരുന്നു ശ്രമിച്ചതെന്നും രാജ്യത്തെക്കുറിച്ച് അവർക്കു ശ്രദ്ധയില്ലെന്നും മോദി കുറ്റപ്പെടുത്തി. എന്നാൽ, വികസനത്തിന്റെ രാഷ്ട്രീയമാണ് ആത്യന്തികമായി വിജയിക്കുക. കുടുംബവാഴ്ച അവസാനിക്കുകയും ചെയ്യും. രാജ്യമാണു പാർട്ടിയെക്കാൾ വലുത്. വികസനമെന്ന ഒറ്റക്കാര്യത്തിലൂന്നി തിരഞ്ഞെടുപ്പിൽ പോരിനിറങ്ങാൻ മോദി കോൺഗ്രസിനെ വെല്ലുവിളിക്കുകയും ചെയ്തു. എല്ലാ സംസ്ഥാനങ്ങളുമായുള്ള കൂടിയാലോചനകൾക്കുശേഷം നടപ്പാക്കിയ ചരക്ക്, സേവന നികുതിയെ കുറ്റം പറയാനോ തെറ്റിദ്ധാരണ പരത്താനോ കോൺഗ്രസിന് അവകാശമില്ലെന്നു മോദി വ്യക്തമാക്കി.

ഇതു കേന്ദ്രസർക്കാരോ പാർലമെന്റോ കൊണ്ടുവന്ന നടപടിയല്ല. മറിച്ചു സംസ്ഥാനങ്ങൾ ഭരിക്കുന്ന എല്ലാ രാഷ്ട്രീയപാർട്ടികളുടെയും കൂട്ടായ തീരുമാനമായിരുന്നു. ജിഎസ്ടി ഇതാദ്യമായി നടപ്പാക്കുന്നതാണ്. അതിൽ എന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ പുനഃപരിശോധിക്കാമെന്നു സർക്കാർ ഉറപ്പു നൽകിയതുമാണ്. സർക്കാർ നടപടിക്രമങ്ങളുടെ നൂലാമാലകൾ ഒഴിവാകുമെന്നതിനാൽ ചെറിയ വ്യാപാരികൾപോലും ഇതിനെ സ്വാഗതം ചെയ്യുന്നുണ്ട്. വ്യാപാരികളുടെ പഴയ കണക്കുപുസ്തകങ്ങൾ കുത്തിപ്പൊക്കുമെന്ന് ആരൊക്കെയോ വ്യാപാരികളെ തെറ്റിദ്ധരിപ്പിക്കുന്നു. ജിഎസ്ടിയുടെ പേരിൽ ഒരു വ്യാപാരിയുടെയും പഴയ വരുമാനരേഖകൾ പരിശോധിക്കപ്പെടില്ലെന്ന് ഉറപ്പുനൽകുന്നതായും മോദി വ്യക്തമാക്കി.

മൂന്നുലക്ഷം വരെയുള്ള കാർഷിക വായ്പകൾക്കു പലിശ ഒഴിവാക്കിയതായി മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു. കാൽക്കോടി കർഷകർക്കു ഗുണം ചെയ്യുന്ന ഇളവുവഴി ഖജനാവിന് 700 കോടിയുടെ അധികച്ചെലവുണ്ടാകും. കാർഷിക വായ്പയ്ക്കുള്ള ഏഴു ശതമാനം പലിശ സംസ്ഥാന–കേന്ദ്ര സർക്കാരുകൾ ചേർന്നു വഹിക്കും.

കോൺഗ്രസ് സർക്കാരുകളുടെ കാലത്തു ഗുജറാത്ത് കർഷകർക്കു വായ്പകൾക്കു 16 ശതമാനം പലിശ നൽകേണ്ടിവന്നിരുന്നതായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയാണ് അത് ഒരു ശതമാനമാക്കിയത്. ഇപ്പോഴത്തെ സർക്കാർ അതു പൂർണമായും എടുത്തുകളഞ്ഞു. ഏതു സംസ്ഥാനത്താണു കോൺഗ്രസ് പലിശരഹിത വായ്പ ഉറപ്പാക്കിയതെന്നു മറുപടി പറയണം.

പഞ്ചാബാണ് ഉത്തരമെങ്കിൽ, ആ മറുപടി വേണ്ട, അവിടെ അതു നടപ്പാക്കിയത് അകാലികളാണ്, കോൺഗ്രസല്ല. സംസ്ഥാനത്തെ എല്ലാ ബൂത്തുകളിൽനിന്നുമായി ലക്ഷക്കണക്കിനു പ്രവർത്തകരാണു ഗാന്ധിനഗറിനടുത്ത സമ്മേളനവേദിയിൽ തടിച്ചുകൂടിയത്.

related stories