Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയുടെ 100 സ്വകാര്യ വിമാനയാത്രകൾ അന്വേഷിക്കണമെന്ന് കോൺഗ്രസ്

Narendra Modi

ന്യൂഡൽഹി ∙ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തു സ്വകാര്യ ചാർട്ടേഡ് വിമാനങ്ങളിൽ 100 സൗജന്യയാത്രകൾ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുജീവിത മര്യാദകൾ ലംഘിച്ചെന്നു കോൺഗ്രസ്. റിലയൻസ്‍ മുതൽ അദാനി ഗ്രൂപ്പ് വരെയുള്ളവരുടെ വിമാനങ്ങളിൽ രാജ്യത്തിനകത്തും പുറത്തും മോദി യാത്ര ചെയ്തെന്നു വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വിയാണു കുറ്റപ്പെടുത്തിയത്.

2002 മുതൽ 2007 വരെയായിരുന്നു യാ‌ത്രകൾ. ആരും സൗജന്യമായി വിരുന്നു നൽകില്ല. സൗജന്യയാത്ര നൽകിയവർക്കു ഭരണാധികാരിയിൽനിന്നു പ്രതിഫലം ലഭിച്ചിരിക്കണം. സർക്കാരിന്റെ നയതീരുമാനങ്ങളുടെ ഗുണഫലം അനുഭവിച്ച വ്യവസായികളുടെ നന്ദിപ്രകടനമായിരുന്നിരിക്കാം ഇത് – സിങ്‌വി പറഞ്ഞു.

പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാധ്‌ര ആയുധവ്യാപാരിയിൽനിന്നു 10 ലക്ഷം രൂപയുടെ സൗജന്യ ടിക്കറ്റ് കൈപ്പറ്റിയെന്നു വാർത്ത വന്ന സാഹചര്യത്തിലായിരുന്നു കോൺഗ്രസിന്റെ പ്രതികരണം. സ്വകാര്യ വ്യക്തിയായ വാധ്‌രയ്ക്കു വേണ്ടി അദ്ദേഹത്തിന്റെ അഭിഭാഷകർ വാദിച്ചുകൊള്ളും. എന്നാൽ, സൗജന്യയാത്രകൾ നടത്തിയ മോദി പൊതുസമൂഹത്തിനു വിശദീകരണം നൽകാൻ ബാധ്യസ്ഥനാണ്. 500 രൂപയിലേറെ വിലയുള്ള സമ്മാനങ്ങൾ വാങ്ങിയാൽ അക്കാര്യം മുഖ്യമന്ത്രിമാർ വെളിപ്പെടുത്തേണ്ടതുണ്ടെന്നു സിങ്‌വി പറഞ്ഞു.

related stories