Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഡിക്കൽ കോഴക്കേസ്: രണ്ടംഗ ബെഞ്ചിന്റെ വിധി അസാധുവാക്കി; പ്രശാന്ത് ഭൂഷൺ ഇറങ്ങിപ്പോയി

ന്യൂഡൽഹി ∙ ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പരോക്ഷമായി ആരോപണമുന്നയിച്ചുള്ള മെഡിക്കൽ കോഴക്കേസിൽ, രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് അസാധുവാക്കിക്കൊണ്ട് ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി. ഹർജിക്കാരെ എതിർക്കുന്ന അഭിഭാഷകർ ബഹളംവച്ചതിനാൽ വാദം സാധ്യമാകാതെ ഹർജിക്കാരുടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കോടതിയിൽനിന്ന് ഇറങ്ങിപ്പോയി.

പരമോന്നത നീതിപീഠത്തെ അപമാനത്തിലേക്കും പ്രതിസന്ധിയിലേക്കും വലിച്ചിഴയ്‌ക്കുംവിധത്തിലുള്ള നാടകീയ രംഗങ്ങളാണ് ഇന്നലെ സുപ്രീം കോടതിയിൽ അരങ്ങേറിയത്. മെഡിക്കൽ കോഴക്കേസിൽ ഹർജി നൽകിയ പ്രശാന്ത് ഭൂഷണും മുതിർന്ന അഭിഭാഷക കാമിനി ജയ്‌സ്വാളിനുമെതിരെ കോടതിയലക്ഷ്യത്തിനു കേസെടുക്കണമെന്നു സുപ്രീം കോടതി ബാർ അസോസിയേഷന്റെ നേതാക്കളായ അഭിഭാഷകർ ആവശ്യപ്പെട്ടു. കോടതി നടപടികൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്നു നിർദേശിക്കണമെന്ന ചില അഭിഭാഷകരുടെ ആവശ്യം ചീഫ് ജസ്‌റ്റിസ് അംഗീകരിച്ചില്ല.

മെഡിക്കൽ കോഴക്കേസിലെ ഒരു ഹർജി ഏറ്റവും മുതിർന്ന അഞ്ചു ജഡ്‌ജിമാരുൾപ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേൾക്കണമെന്നാണു കഴിഞ്ഞ ദിവസം ജസ്‌റ്റിസ് ജസ്‌തി ചെലമേശ്വർ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. എന്നാൽ, ഏതു കേസ് ഏതു ബെഞ്ച് കേൾക്കണമെന്നു തീരുമാനിക്കുന്നതു കോടതിയുടെ അധിപനായ ചീഫ് ജസ്‌റ്റിസാണെന്നു വ്യക്‌തമാക്കി രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് അഞ്ചംഗ ബെഞ്ച് റദ്ദാക്കി.

എന്താണ് മെഡിക്കൽ കോഴ കേസ്?

രാജ്യത്തെ 46 മെഡിക്കൽ കോളജുകളിൽ ഈ വർഷവും അടുത്ത വർഷവും കേന്ദ്രസർക്കാർ വിദ്യാർഥിപ്രവേശനം തടഞ്ഞിരുന്നു. അതിലൊന്ന് ലക്‌നൗവിലെ പ്രശാന്ത് എജ്യുക്കേഷൻ ട്രസ്‌റ്റിന്റേതാണ്. സർക്കാർ നടപടിക്കെതിരെ ട്രസ്‌റ്റ് അലഹാബാദ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പല തവണ ഹർജി നൽകി. ഏറ്റവും ഒടുവിലത്തെ ഹർജിയിൽ ഉത്തരവു നൽകിയതു ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ്.

ഈ വർഷം വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ പാടില്ലെങ്കിലും, ബാങ്ക് ഗാരന്റി അസാധുവാക്കരുതെന്നും അടുത്ത വർഷത്തേക്കായി മെഡിക്കൽ കൗൺസിൽ പരിശോധന നടത്തണമെന്നുമായിരുന്നു ഉത്തരവ്. ട്രസ്‌റ്റിന്റെ ഹർജികളുമായി ബന്ധപ്പെട്ടു കോഴയിടപാടുകൾ നടന്നെന്നാരോപിച്ചു സിബിഐ സെപ്‌റ്റംബർ 19നു കേസ് റജിസ്‌റ്റർ ചെയ്‌തു. ഒഡീഷ ഹൈക്കോടതിയിലെ മുൻ ജഡ്‌ജി ഇസ്രത് മസ്രൂർ ഖുദുസിയുൾപ്പെടെ അഞ്ചുപേരെ അറസ്‌റ്റ് ചെയ്‌തു. പ്രതികൾക്കു പിന്നീടു ജാമ്യം ലഭിച്ചു.

തുടർന്നങ്ങോട്ടു സിബിഐയുടെ ഭാഗത്തുനിന്നു മെല്ലെപ്പോക്കാണെന്നാരോപിച്ചു ക്യാംപെയ്ൻ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് (സിജെഎആർ) എന്ന സംഘടനയും കാമിനി ജയ്‌സ്വാളും ഹർജി നൽകി. ഉന്നത ജുഡീഷ്യറിക്കെതിരെയും ആരോപണമുള്ളതിനാൽ കേസ് സുപ്രീം കോടതിയുടെ മുൻ ചീഫ് ജസ്‌റ്റിസ് നേതൃത്വം നൽകുന്ന പ്രത്യേക സംഘം അന്വേഷിക്കണമെന്നാണു ഹർജിക്കാർ ആവശ്യപ്പെട്ടത്.

കാമിനി ജയ്‌സ്വാളിന്റെ ഹർജി കഴിഞ്ഞ ദിവസം പരിഗണിച്ചപ്പോഴാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കാൻ ജസ്‌റ്റിസ് ചെലമേശ്വർ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചത്. സിജെഎആറിന്റെ ഹർജി ജഡ്‌ജിമാരായ എ.കെ.സിക്രി, അശോക് ഭൂഷൺ എന്നിവരുടെ ബെഞ്ച് പരിഗണിച്ചു. ഹർജി ഈ മാസം 13നു ഭരണഘടനാ ബെഞ്ച് പരിഗണിക്കാനുള്ള ഹർജിക്കൊപ്പം വയ്‌ക്കാൻ ഇവർ നിർദേശിച്ചു. എന്നാൽ, ഇന്നലെത്തന്നെ ചീഫ് ജസ്‌റ്റിസ് ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു; ഈ ബെഞ്ച് ജസ്‌റ്റിസ് ചെലമേശ്വറിന്റെ ഉത്തരവു റദ്ദാക്കി. ഹർജികൾ രണ്ടാഴ്‌ചയ്‌ക്കുശേഷം പരിഗണിക്കാൻ തീരുമാനിച്ചു.

related stories