Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശികല കുടുംബത്തിൽനിന്ന് നിർണായക രേഖകൾ കിട്ടി: ആദായനികുതി വകുപ്പ്

Raid in Jaya TV

ചെന്നൈ ∙ അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി ശശികലയുടെയും ബന്ധുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലും തുടരുന്ന റെയ്ഡിൽ നിർണായക രേഖകൾ കണ്ടെടുത്തതായി ആദായനികുതി വകുപ്പ് അറിയിച്ചു. അനധികൃത സമ്പാദ്യം, നികുതി വെട്ടിപ്പ്, വ്യാജ കമ്പനികളുടെ പേരിലുള്ള കോടിക്കണക്കിനു രൂപയുടെ അനധികൃത ഇടപാടുകൾ എന്നിവ സംബന്ധിച്ച രേഖകളാണു പിടിച്ചെടുത്തത്.

വ്യാഴാഴ്ച ആരംഭിച്ച റെയ്ഡ് 47 സ്ഥലങ്ങളിൽ ഇന്നലെ പുലർച്ചെ അവസാനിച്ചു. ബാക്കി 140 കേന്ദ്രങ്ങളിൽ തുടരുകയാണ്. ചിലയിടങ്ങളിൽ ഇടവേള പോലുമില്ലാതെയാണു പരിശോധന. ഇതിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചു.

മന്നാർഗുഡി സംഘം എന്നറിയപ്പെടുന്ന ശശികല കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ജയ ടിവി, നമതു എംജിആർ ദിനപത്രം, മിഡാസ് ഡിസ്റ്റിലറി, ജാസ് സിനിമാസ്, ജയലളിതയുടെ വേനൽക്കാല വസതിയായിരുന്ന കൊടനാട് എസ്റ്റേറ്റ്, സമീപമുള്ള മറ്റു ചില എസ്റ്റേറ്റുകൾ എന്നിവിടങ്ങളിലാണു പ്രധാനമായും പരിശോധന. എസ്റ്റേറ്റിന്റെ അക്കൗണ്ടുകളുള്ള ബാങ്കുകളിലും പരിശോധന പൂർത്തിയായിട്ടില്ല.

ശശികലയുടെ ഭർത്താവ് നടരാജന്റെയും സഹോദരൻ ദിവാകരന്റെയും വീടുകളിലെ റെയ്ഡ് പൂർത്തിയായി. എന്നാൽ, സ്വത്തു കേസിൽ ശശികലയ്ക്കൊപ്പം തടവുശിക്ഷ അനുഭവിക്കുന്ന സഹോദരഭാര്യ ഇളവരശിയുടെ മകൻ വിവേക് ജയരാമന്റെ വീട്ടിൽ പരിശോധന തുടരുന്നു. ജയ ടിവി, ജാസ് സിനിമാസ് എന്നിവയുടെ നിയന്ത്രണം വിവേകിനാണ്. ശശികലയുടെ നാടായ മന്നാർഗുഡിയിൽ അവരുടെ ബന്ധുക്കൾ, അടുത്ത സഹായികൾ, സുഹൃത്തുക്കൾ എന്നിവരുടെ വീടുകളിലും പരിശോധന കഴിഞ്ഞിട്ടില്ല.

അണ്ണാ ഡിഎംകെ വിമത നേതാവും ശശികലയുടെ സഹോദരപുത്രനുമായ ടി.ടി.വി.ദിനകരന്റെ ചെന്നൈയിലെ വീടിനു മുന്നിലും സുന്ദരക്കോട്ടയിൽ ദിവാകരന്റെ വീടിനു മുന്നിലും ആദായനികുതി ഉദ്യോഗസ്ഥർക്കു നേരെ കയ്യേറ്റശ്രമമുണ്ടായി.

ദിനകരന്റെ വിശ്വസ്ത എംഎൽഎ തങ്കത്തമിഴ്സെൽവന്റെ അടുത്ത സുഹൃത്തിന്റെ കമ്പത്തെ വീട്ടിൽ ഇന്നലെ മണിക്കൂറുകളോളം പരിശോധന നടന്നു. ദിനകരനൊപ്പമുള്ള വിമത എംഎൽഎമാരുടെ സാമ്പത്തിക സ്രോതസ്സുകൾ ലക്ഷ്യമിട്ടാണു പരിശോധനയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. നീക്കങ്ങൾ ദിനകരൻ മുൻകൂട്ടി അറി‍ഞ്ഞിരുന്നതായും വാദമുണ്ട്. വൈകാതെ ആദായനികുതി റെയ്ഡ് നടക്കുമെന്ന് ഈയിടെ ചാനൽ അഭിമുഖത്തിൽ അടുത്ത അനുയായിയായ നാഞ്ചിൽ സമ്പത്ത് പറഞ്ഞതാണ് ഇത്തരമൊരു വാദത്തിനു കാരണം.

related stories