Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിലിപ്പീൻസിലും കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി

Narendra Modi

മനില ∙ ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യവെ, കോൺഗ്രസിനെതിരെ ആരോപണശരങ്ങൾ ഉതിർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരം കിട്ടിയാൽ പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒൻപതിൽ നിന്ന് 12 ആക്കാമെന്നായിരുന്നു 2014ൽ കോൺഗ്രസിന്റെ വാഗ്ദാനം. എന്നാൽ, ബിജെപിയുടെ വീക്ഷണം സിലിണ്ടറിൽ ഒതുങ്ങിയതായിരുന്നില്ല. മൂന്നു കോടി കുടുംബങ്ങൾക്കു സൗജന്യ പാചകവാതക കണക്‌ഷൻ നൽകുകയാണു ബിജെപി ചെയ്തത്. അഞ്ചു കോടിയാണ് സർക്കാരിന്റെ ലക്ഷ്യം. കണക്‌ഷൻ കിട്ടുകയെന്നതു മെഴ്സിഡീസ് കാർ കിട്ടുന്നതുപോലെ വിലമതിച്ചിരുന്ന കാലമുണ്ടായിരുന്നു. ഒരു എംപിക്ക് സ്വന്തം മണ്ഡലത്തിൽ 25 കണക്‌ഷനുള്ള കൂപ്പൺ നൽകുമായിരുന്നു.– മോദി പറഞ്ഞു.

സാമ്പത്തികശേഷിയുള്ളവരോട് എൽപിജി സബ്സിഡി ഉപേക്ഷിക്കാൻ താൻ അഭ്യർഥിച്ചുവെന്നും 1.5 കോടി ആളുകൾ അത് ഉപേക്ഷിച്ചതോടെ ആ ആനുകൂല്യം പാവങ്ങൾക്കു സൗജന്യ കണക്‌ഷൻ എന്ന നിലയിൽ നൽകുകയായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു. ആധാറുമായി ബന്ധിപ്പിച്ചു പാചകവാതകം നൽകുന്നതു വഴി നിലവിലില്ലാത്ത ഉപയോക്താക്കളെ ഒഴിവാക്കാനായെന്നും 57,000 കോടി രൂപ പ്രതിവർഷം ലാഭിക്കാനായെന്നും മോദി വ്യക്തമാക്കി. ഇതു മുതലെടുത്തവരാണു തന്നെ എതിർക്കുന്നത്.

യുപിഎ സർക്കാരിന്റെ കാലത്ത് അഴിമതി മൂലം എത്ര പണം ചോർന്നുവെന്നാണ് ആളുകൾ ചോദിച്ചുകൊണ്ടിരുന്നത്. എന്നാൽ, എത്ര തിരിച്ചുവന്നുവെന്നാണ് ഇപ്പോൾ ആളുകൾ ചോദിക്കുന്നത്. എഴുപതു വർഷമായി ബാങ്കിങ് സംവിധാനത്തിനു പുറത്തായിരുന്ന 30 കോടി കുടുംബങ്ങൾക്ക് ഇപ്പോൾ ബാങ്ക് അക്കൗണ്ടുകളുണ്ട്. അവരുടെ നിക്ഷേപം 67,000 കോടി രൂപയാണ്. സിംഗപ്പൂരിനും ഫിലിപ്പീൻസിനും ശുചിത്വമാകാമെങ്കിൽ ഇന്ത്യക്കെന്തുകൊണ്ട് ആയിക്കൂടാ? മഹാത്മാ ഗാന്ധി നിർത്തിയിടത്തുനിന്നു ഞങ്ങൾ തുടങ്ങിയിരിക്കുകയാണ്. ഇതിനകം 2.25 ലക്ഷം ഗ്രാമങ്ങൾ വെളിയിട വിസർജനത്തിൽ നിന്നു മുക്തി നേടിക്കഴിഞ്ഞു– മോദി ചൂണ്ടിക്കാട്ടി.

related stories