Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനയെ വെല്ലുവിളിച്ച് ചതുർരാഷ്ട്ര സഖ്യം

Narendra Modi, Donald Trump ആസിയാൻ സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ച നടത്തിയപ്പോൾ.

മനില∙ ഇന്ത്യ–പസഫിക് മേഖലയിലെ ചൈനയുടെ സ്വേച്ഛാപരമായ നടപടികൾക്കും കടന്നുകയറ്റത്തിനും പരോക്ഷമായ മുന്നറിയിപ്പു നൽകി സുപ്രധാന ചതുർരാഷ്ട്ര സഖ്യത്തിന് ഔദ്യോഗിക തുടക്കം. ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണു മേഖലയുടെ സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനുമായി ഒരുമിക്കുന്നത്. ദക്ഷിണ ചൈനാക്കടലിൽ ചൈനയുടെ സൈനിക ഇടപെടൽ വർധിച്ച പശ്ചാത്തലത്തിൽ, സഖ്യത്തിന്റെ ഓരോ നീക്കവും നിർണായകമാകും. നിയമകേന്ദ്രീകൃതമായ വ്യവസ്ഥയും രാജ്യാന്തര നിയമങ്ങൾ ബഹുമാനിച്ചുള്ള ഇടപെടലും മേഖലയിൽ ഉറപ്പാക്കാനാണു സഖ്യരൂപീകരണമെന്നു നാലു രാജ്യങ്ങളും വെവ്വേറെ പ്രസ്താവനകളിൽ അറിയിച്ചു. സഖ്യത്തിൽനിന്ന് ഒഴിവാക്കപ്പെട്ടതിലെ അനൗചിത്യം ചൂണ്ടിക്കാണിച്ച ചൈനീസ് വിദേശകാര്യ മന്ത്രാലയം, ചതുർരാഷ്ട്ര കൂട്ടായ്മ ചൈനയെ ലക്ഷ്യമിട്ടുള്ളതല്ലെന്നു പ്രത്യാശിക്കുന്നതായി പറഞ്ഞു.

ചെറിയൊരു ‘കയ്യബദ്ധം’; ഇപ്പോ ശരിയാക്കിത്തരാം...

Donald Trump

ആസിയാൻ സമ്മേളന ഉദ്ഘാടനവേദിയിലെ ‘നേതൃചങ്ങല’ ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതിനിടെ കൈകൊടുക്കേണ്ടത് ആർക്കെന്നറിയാതെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അബദ്ധം പറ്റിയപ്പോൾ. 

1. വലത്തുവശത്തു നിന്ന വിയറ്റ്നാം പ്രധാനമന്ത്രി ന്യൂയൻ ടാൻ ഡങ്ങിന് ഇടത്തേ കൈ നൽകേണ്ടതിനു പകരം ട്രംപ് തന്റെ വലത്തേ കൈ നൽകുന്നു. 

2. കവരാൻ കരമില്ലാതെ ഫിലിപ്പീൻസ്  പ്രസിഡന്റ് റോഡീഗ്രോ ഡ്യൂടേർട് നീട്ടിപ്പിടിച്ച ഇടങ്കയ്യുമായി നിൽക്കുമ്പോൾ ട്രംപിനു സംഗതി പിടികിട്ടി; പിന്നെ ചിരിച്ച് വലത്തേ കൈ വിടുവിച്ച് വിയറ്റ്നാം പ്രധാനമന്ത്രിക്ക് ഇടത്തേ കൈ നീട്ടുന്നു. 

3. ഫിലിപ്പീൻസിന് വലിയ ആശ്വാസം; പ്രസിഡന്റ് ഡ്യൂടേർടിനു ട്രംപിന്റെ വലതു കൈ കിട്ടി. 

4. ‘കൈപ്പിഴവു’ തീർത്ത വിജയാഹ്ലാദത്തിൽ ട്രംപ്; ആസിയാൻ ചങ്ങല ഭദ്രം.

ജയ്പുർ കാലുകളിൽ കാർലോ പറഞ്ഞു: പൊലീസുകാരനാകണം

Narendra Modi അംഗപരിമിതർക്കു ജയ്പുർ കൃത്രിമക്കാലുകൾ നൽകുന്ന മനിലയിലെ മഹാവീർ ഫിലിപ്പീൻ ഫൗണ്ടേഷൻ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഒൻപതു വയസ്സുകാരൻ കാർലോയ്ക്കൊപ്പം.

ഒൻപതു വയസ്സുകാരൻ കാർലോയുടെ സ്വപ്നങ്ങൾക്കു ജയ്പുർ കാലും മോദിയുടെ ഭാവുകങ്ങളും. അംഗപരിമിതർക്കു ജയ്പുർ കൃത്രിമക്കാലുകൾ നൽകുന്ന മഹാവീർ ഫിലിപ്പീൻ ഫൗണ്ടേഷൻ സന്ദർശിച്ചപ്പോഴാണു നരേന്ദ്ര മോദി കാർലോയെയും അവനെപ്പോലെ കൃത്രിമക്കാലുകളുമായി ജീവിക്കുന്നവരുടെയും മോഹങ്ങൾ അടുത്തറിഞ്ഞത്. കൃത്രിമക്കാലുകളും നൽകി.

മോദി ‘ഗ്രേറ്റ് ജെന്റിൽമാ‍ൻ’: ട്രംപ്

ആസിയാൻ സമ്മേളനത്തിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തങ്ങുന്ന ഹോട്ടലിലെത്തി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ച. മോദി മഹാനായ മാന്യനാണെന്നും അമേരിക്കയുടെ സുഹൃത്താണെന്നും ഇന്ത്യയിൽ വലിയ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും ട്രംപ് പിന്നീടു പറഞ്ഞു. ഉഭയകക്ഷി നയതന്ത്ര ബന്ധത്തിനുമപ്പുറത്തേക്ക്, ഏഷ്യയുടെ നല്ല ഭാവിക്കായി ഇന്ത്യ–യുഎസ് സൗഹൃദം പ്രയോജനപ്പെടുത്തണമെന്നു മോദി അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ നിക്ഷേപങ്ങൾക്ക് ആസിയാൻ നേതാക്കളെ ക്ഷണിക്കുകയും ചെയ്തു. 

ഫിലിപ്പീൻസിന് ഇന്ത്യയുടെ നെൽവിത്ത്

ലോസ് ബനോസിലുള്ള നെല്ലു ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലെ ജീൻ ബാങ്കിനു രണ്ടിനം ഇന്ത്യൻ നെൽവിത്തുകൾ നരേന്ദ്ര മോദിയുടെ സംഭാവന. മോദിയുടെ പേരിലുള്ള നെല്ലു ഗവേഷണ വിഭാഗവും ഉദ്ഘാടനം ചെയ്തു. ഫിലിപ്പീൻസ് ഗവേഷണ കേന്ദ്രത്തിന്റെ ശാഖ വാരാണസിയി‍ൽ തുടങ്ങുന്നുണ്ട്. 

വിസ്മയമായി സംഗീതരാമായണം

ആസിയാൻ സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിൽ രാമകഥാ സംഗീതമാധുരി. രാമായണത്തിന്റെ സംഗീതരൂപം ഇന്ത്യ–ഫിലിപ്പീൻസ് സാംസ്കാരിക ഇഴയടുപ്പത്തിന്റെ പ്രതിഫലനമായി. 

∙ ‘പ്രസിഡന്റ് ട്രംപിനെ കാണാൻ വീണ്ടുമൊരവസരം ലഭിച്ചതിൽ സന്തോഷം. ഇക്കഴിഞ്ഞ ദിവസങ്ങളിലെ പര്യടനങ്ങൾക്കിടെ, അവസരം ലഭിക്കുമ്പോഴെല്ലാം ട്രംപ് ഇന്ത്യയെക്കുറിച്ചു നല്ല വാക്കുകൾ പറയുന്നു. യുഎസിനും ലോകത്തിനുമുള്ള എല്ലാ പ്രതീക്ഷകളും നിറവേറ്റാൻ ഞങ്ങൾ സാധ്യമായതെല്ലാം ചെയ്യും.’ – ആസിയാൻ ഉദ്ഘാടനച്ചടങ്ങിൽ മോദി.

related stories