Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഡിക്കൽ കോളജ് കോഴക്കേസ്: കാമിനിയുടെ ഹർജി സുപ്രീം കോടതി തള്ളി

supreme-court

ന്യൂഡൽഹി ∙ ഉന്നത ജുഡീഷ്യറിയെപ്പോലും സംശയത്തിന്റെ നിഴലിലാക്കിയ മെഡിക്കൽ കോഴക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ (എസ്‌ഐടി) നിയോഗിക്കണമെന്ന മുതിർന്ന അഭിഭാഷക കാമിനി ജയ്‌സ്വാളിന്റെ ഹർജി സുപ്രീം കോടതി തള്ളി. ഹർജിക്കാരിയുടെ നടപടി കോടതിയലക്ഷ്യമാണെന്നു വിലയിരുത്തിയെങ്കിലും നടപടിയെടുക്കാൻ മൂന്നംഗ ബെഞ്ച് മുതിർന്നില്ല. ‘‘ഇത്തരം ഹർജികൾ നൽകുന്നതും അവ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ആവേശവും കഴിഞ്ഞ ഏതാനും ദിവസം ഈ സംവിധാനത്തെയത്രയും അശാന്തിയിലാക്കി. കോടതിയിൽ അനാവശ്യ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാൻ ശ്രമമുണ്ടായി. ഒരു കാരണവുമില്ലാതെ സംശയത്തിന്റെ ഗൗരവമേറിയതും അനാവശ്യവുമായ നിഴൽ സൃഷ്‌ടിച്ചു. ഹർജി തീർത്തും അപവാദകരമാണ്, അവലംബിച്ച രീതിയും ശൈലിയും ശരിയല്ല.’’ – കോടതി പറഞ്ഞു.

എസ്‌ഐടി വേണമെന്നാവശ്യപ്പെട്ടു ക്യാംപെയ്ൻ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് (സിജെഎആർ) എന്ന സംഘടന നൽകിയ ഹർജി നിലവിലുണ്ട്. ആ ഹർജിയിലെ കാര്യകാരണങ്ങളും ആവശ്യവും ഉൾപ്പെടുത്തി കാമിനി മറ്റൊരു ഹർജി നൽകിയതിന്റെ ഉദ്ദേശ്യശുദ്ധിയെ ജഡ്‌ജിമാരായ ആർ.കെ.അഗർവാൾ, അരുൺ മിശ്ര, എ.എം.ഖാൻവിൽക്കർ എന്നിവരുടെ ബെഞ്ച് നിശിതമായി വിമർശിച്ചു. ഹർജിക്കാരിയുടെ നടപടി ജുഡീഷ്യറിക്ക് അപമാനകരവും അതിന്റെ സ്വതന്ത്ര സ്വഭാവത്തെ അട്ടിമറിക്കുംവിധം അനാവശ്യ ആരോപണങ്ങൾക്കു വഴിവയ്‌ക്കുന്നതുമാണ്. താൽപര്യമുള്ള ബെഞ്ചിൽ കേസ് പരിഗണിപ്പിക്കാൻ ഹർജിക്കാർ ശ്രമിച്ചെന്നും കോടതി കുറ്റപ്പെടുത്തി.

മെഡിക്കൽ കോളജുകളുടെ കേസ് നേരത്തേ പരിഗണിച്ച ബെഞ്ചിലുൾപ്പെട്ട ജസ്‌റ്റിസ് ഖാൻവിൽക്കർ, കാമിനിയുടെ ഹർജി പരിഗണിക്കുന്ന ബെഞ്ചിൽനിന്ന് ഒഴിവാകണമെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടിരുന്നു. അതു ജസ്‌റ്റിസ് ഖാൻവിൽക്കർ നിരസിക്കുകയുമുണ്ടായി. ജഡ്‌ജി പിൻമാറണമെന്ന് ആവശ്യപ്പെട്ടതു താൽപര്യമുള്ള ബെഞ്ച് തേടുന്ന നടപടിയും കോടതിയലക്ഷ്യവുമാണെന്ന് ഇന്നലത്തെ വിധിയിൽ ബെഞ്ച് വിലയിരുത്തി.

കാമിനിയുടെ ഹർജി ചീഫ് ജസ്‌റ്റിസ് ഉൾപ്പെടെ ഏറ്റവും മുതിർന്ന അഞ്ചു ജഡ്‌ജിമാരുൾപ്പെട്ട ഭരണഘടനാ ബെഞ്ച് ഇന്നലെ പരിഗണിക്കണമെന്നാണ് ജസ്‌റ്റിസ് ജസ്‌തി ചെലമേശ്വർ അധ്യക്ഷനായ രണ്ടംഗ ബെഞ്ച് കഴിഞ്ഞ ഒൻപതിന് ഉത്തരവിട്ടത്. അതു ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പിറ്റേന്നുതന്നെ തിരുത്തി – ഏതു ബെഞ്ച് കേസ് കേൾക്കണമെന്നു തീരുമാനിക്കാനുള്ള അധികാരം ചീഫ് ജസ്‌റ്റിസിനാണെന്നു വിധിച്ചു. അതിൻപ്രകാരം കാമിനിയുടെ ഹർജി ഇന്നലെ മൂന്നംഗ ബെഞ്ച് പരിഗണിച്ചു തള്ളി. സിജെഎആറിന്റെ ഹർജി രണ്ടാഴ്‌ചയ്‌ക്കുശേഷം പരിഗണിക്കുമെന്ന് കഴിഞ്ഞ 10നു കോടതി വ്യക്‌തമാക്കിയിട്ടുണ്ട്.

related stories