Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയ നേതാവ് മോദി തന്നെ; രാഹുൽ രണ്ടാമത്: പ്യൂ സർവേ ഫലം

narendra-modi-rahul-gandhi

വാഷിങ്ടൻ ∙ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള രാഷ്ട്രീയ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയെന്നു യുഎസ് ഗവേഷണ സ്ഥാപനമായ പ്യൂ. 2464 ഇന്ത്യക്കാരെ ഉൾപ്പെടുത്തി ഈ വർഷം ഫെബ്രുവരി 21 മുതൽ മാർച്ച് 10 വരെ നടത്തിയ പഠനത്തിൽ മോദിയുടെ ജനപ്രീതി 88 പോയിന്റ് ആണ്. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെക്കാൾ 30 പോയിന്റ് മുന്നിൽ. രാഹുലിന്റെ ജനപിന്തുണ 58 പോയിന്റ്.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണു മൂന്നാം സ്ഥാനത്ത്–57. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനു 39 പോയിന്റ്. രാജ്യത്തു കാര്യങ്ങളുടെ പോക്കിൽ 70% പേരും സന്തുഷ്ടരാണെന്നും സർവേ പറയുന്നു. സാമ്പത്തികനില മെച്ചമാണെന്ന് 80% അഭിപ്രായപ്പെടുന്നു. സാമ്പത്തികാവസ്ഥ വളരെ നല്ലതാണെന്നു പറയുന്നവരുടെ എണ്ണം 30 ശതമാനമാണ്. ഈ രണ്ടു കാര്യങ്ങളിലും, 2014ൽ മോദി സർക്കാർ അധികാരമേറ്റപ്പോഴത്തെ ജനാഭിപ്രായത്തിൽനിന്നു വളരെ മെച്ചപ്പെട്ട നിലയിലാണു സർവേ കാലത്തെ ജനവികാരമെന്നു പ്യൂ പറയുന്നു.

ഇതേസമയം, നോട്ടുനിരോധനത്തിനു ശേഷം, പണലഭ്യത കുറഞ്ഞതു വലിയപ്രശ്നമായി പകുതിയോളം ഇന്ത്യക്കാർ കാണുന്നു. യുഎസിനെക്കുറിച്ചുള്ള ഇന്ത്യക്കാരുടെ മനോഭാവത്തിൽ കാര്യമായ ഇടിവുണ്ടായതായും സർവേ പറയുന്നു. അമേരിക്ക കൊള്ളാമെന്നു കരുതുന്ന ഇന്ത്യക്കാർ 2015ൽ 70% ആയിരുന്നെങ്കിലും ഈ വർഷമാദ്യം അതു 49% ആയി കുറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശരിയായ രീതിയിൽ കാര്യങ്ങൾ ചെയ്യുമെന്നു കരുതുന്നവർ 40% മാത്രം.

2015ൽ അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമയെ ഇന്ത്യക്കാർക്ക് ഏറെ വിശ്വാസമായിരുന്നു–74%. ചൈനയുടെ കാര്യത്തിലും ഇന്ത്യക്കാരുടെ മനോഭാവത്തിൽ മാറ്റമുണ്ടെന്നാണു പ്യൂ അവകാശപ്പെടുന്നത്. രണ്ടു വർഷത്തിനിടെ വിശ്വാസം 15% കുറ‍‍ഞ്ഞ് 26% ആയി.

related stories