Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫേൽ ഇടപാട് മോദി പൊളിച്ചെഴുതിയത് ബിസിനസുകാരനുവേണ്ടി: രാഹുൽ

Rahul Gandhi

ന്യൂഡൽഹി ∙ പ്രധാനമന്ത്രി റഫേൽ വിമാന ഇടപാട് അപ്പാടെ പൊളിച്ചെഴുതിയത് ബിസിനസുകാരനു വേണ്ടിയാണെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതേക്കുറിച്ചു പ്രധാനമന്ത്രിയോടു ചോദ്യങ്ങൾ ചോദിക്കുക, മോദിസർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായുടെ കമ്പനി വൻ ലാഭമുണ്ടാക്കിയതിനെക്കുറിച്ചു ചോദിക്കുക – അദ്ദേഹം മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കുവേണ്ടി രൂപം നൽകിയ അഖിലേന്ത്യാ അസംഘടിത തൊഴിലാളി കോൺഗ്രസ് (എഐയുഡബ്ല്യുസി) സമ്മേളനത്തിനുശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘നിങ്ങൾ എന്നോടു ചോദ്യം ചോദിച്ചുകൊണ്ടും ഞാൻ അവയ്ക്കെല്ലാം ഉത്തരം പറഞ്ഞുകൊണ്ടുമിരിക്കുന്നു. ഇനി ഞാൻ ചോദിക്കട്ടെ; എന്തുകൊണ്ടാണു റഫേൽ ഇടപാടിന്റെ പേരിൽ നിങ്ങൾ പ്രധാനമന്ത്രിയെ ചോദ്യംചെയ്യാത്തത്, അമിത് ഷായുടെ മകനെക്കുറിച്ച് അദ്ദേഹത്തോടു ചോദിക്കാത്തത്?’’ – രാഹുൽ ആരാഞ്ഞു. ശിങ്കിടി മുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി ദേശതാൽപര്യം ബലികഴിക്കുകയായിരുന്നെന്നു നേരത്തേ കോ‌ൺഗ്രസ് ആരോപിച്ചിരുന്നു.

പൊതുമേഖലയിലെ ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ലിമിറ്റഡിനു (എച്ച്എഎൽ) സാങ്കേതികവിദ്യ കൈമാറാൻ മടിച്ച റഫേൽ, റിലയൻസ് ഡിഫൻസ് ലിമിറ്റഡുമായി ധാരണയുണ്ടാക്കിയ‌തിനു പിന്നിൽ കള്ളക്കളിയുണ്ടെന്ന ആക്ഷേപമാണ് അവർ ‌ഉന്നയിക്കുന്നത്. എന്നാൽ, അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിൽ ഉ‌ന്നത കോൺഗ്രസ് നേതാക്കൾ കുടുങ്ങുമെന്നായപ്പോൾ ഉന്നയിക്കുന്ന ബദൽ ആരോപണമായി ഇതിനെ ബിജെപി തള്ളിക്കളയുന്നു. അടിസ്ഥാനരഹിതമെന്നായിരുന്നു റിലയൻസ് ഡിഫൻസിന്റെ ‌പ്രതികരണം.

2006 ജൂണിൽ സർക്കാർ രൂപപ്പെടുത്തിയ നയമനുസരിച്ച്, പ്ര‌തിരോധ മേഖലയിൽ മുൻകൂർ അനുമതിയി‌ല്ലാതെ 49% സ്വകാര്യ നിക്ഷേപമാകാം. രണ്ടു സ്വ‌കാര്യ സ്ഥാപനങ്ങൾ തമ്മിലുണ്ടാക്കുന്ന കരാറിൽ സർക്കാരിനു പങ്കില്ല – അവർ വിശദീകരിച്ചു. ഫ്രഞ്ച് കമ്പനിയായ റഫേലിൽനിന്നു യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനു മുൻ യുപിഎ സർക്കാർ രൂപം നൽകിയ കരാർ, എൻഡിഎ അധി‌കാരത്തിലെത്തിയശേഷം പ്രധാനമന്ത്രി ഇടപെട്ടു പരിഷ്കരിച്ച‌താണു വിവാദത്തിന്റെ പശ്ചാത്തലം.

related stories