Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഎസ്ടി: അമിതലാഭ വിരുദ്ധ അതോറിറ്റിക്ക് അനുമതി

gst

ന്യൂഡൽഹി ∙ ചരക്ക്, സേവന നികുതി(ജിഎസ്ടി)യുടെ ഗുണഫലങ്ങൾ ഉപഭോക്താക്കൾക്കു ലഭിക്കുന്നതിനായി ദേശീയ അമിതലാഭ വിരുദ്ധ അതോറിറ്റി രൂപീകരിക്കാൻ കേന്ദ്രമന്ത്രിസഭ അനുമതി നൽകി. നിലവിൽ 50 വസ്തുക്കൾക്കു മാത്രമേ 28% ജിഎസ്ടിയുള്ളുവെന്നും മറ്റുള്ളവയ്ക്കു നികുതി കാര്യമായി കുറച്ചെന്നും നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.

ഉപഭോക്താക്കളെ വഞ്ചിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ അതോറിറ്റി സഹായിക്കും. ജിഎസ്ടി സംബന്ധിച്ച പരാതികളുമായി ഉപഭോക്താക്കൾക്ക് അതോറിറ്റിയെ സമീപിച്ചു പരിഹാരം തേടാം. അഞ്ചംഗ അമിതലാഭ വിരുദ്ധ അതോറിറ്റി രൂപീകരിക്കാൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചിരുന്നു. കാബിനറ്റ് സെക്രട്ടറി പി.കെ.സിൻഹ തലവനും റവന്യു സെക്രട്ടറി, സിബിഇസി അധ്യക്ഷൻ, രണ്ടു സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ എന്നിവർ അംഗങ്ങളുമായിരിക്കും. രണ്ടു വർഷമാണു കാലാവധി.

ജിഎസ്ടി സംബന്ധിച്ച പ്രാദേശികതല പരാതികൾ അതോറിറ്റിയുടെ സംസ്ഥാന സമിതികൾക്കും ദേശീയ സ്വഭാവമുള്ളവ സ്റ്റാൻഡിങ് കമ്മിറ്റിക്കും നൽകണം. പരാതികൾ പരിശോധിച്ച് അന്വേഷണത്തിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സെയ്ഫ്ഗാർഡ്സിനു(ഡിജിഎസ്) കൈമാറും. മൂന്നു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് അതോറിറ്റിക്കു നൽകണം. അതനുസരിച്ചു നടപടിയുണ്ടാവും.