Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാധ്യമപ്രവർത്തനത്തിൽ മൂല്യങ്ങൾ നിറയണം: വെങ്കയ്യ നായിഡു

award മികച്ച ഫോട്ടോ ഫീച്ചറിനുള്ള പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ പുരസ്കാരം മലയാള മനോരമ ഡൽഹി ബ്യൂറോയിലെ ചീഫ് ഫൊട്ടോഗ്രഫർ ജെ. സുരേഷ് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിൽ നിന്ന് ഏറ്റുവാങ്ങുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, കൗൺസിൽ ചെയർമാൻ ജസ്റ്റിസ് ചന്ദ്രമൗലി കുമാർ പ്രസാദ്, പുരസ്കാര നിർണയ സമിതി കൺവീനർ കുന്ദൻ വ്യാസ് എന്നിവർ സമീപം.

ന്യൂഡൽഹി∙ മാധ്യമപ്രവർത്തനം വസ്തുതാപരവും നിഷ്പക്ഷവും സ്വതന്ത്രവും മൂല്യങ്ങൾ നിറഞ്ഞതുമാവണമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. ദേശീയ മാധ്യമ ദിനത്തിന്റെ ഭാഗമായി പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ മാധ്യമ പുരസ്കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. എതിരാളിയെ കടത്തിവെട്ടാനുള്ള വ്യഗ്രതയിൽ മാധ്യമപ്രവർത്തകർ തെറ്റായ വാർത്തകൾ നൽകരുതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വാർത്താവിതരണ, പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി അധ്യക്ഷത വഹിച്ചു. 

മികച്ച ഫോട്ടോ ഫീച്ചറിനുള്ള പുരസ്കാരം മലയാള മനോരമ ഡൽഹി ബ്യൂറോയിലെ ചീഫ് ഫൊട്ടോഗ്രഫർ ജെ. സുരേഷ് ഏറ്റുവാങ്ങി. ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട ‘വീരവിളയാട്ടം’ എന്ന ഫീച്ചറിനാണു പുരസ്കാരം.

മികച്ച വാർത്താ ചിത്രത്തിനുള്ള പുരസ്കാരം സി.കെ. തൻസീർ (ഫൊട്ടോഗ്രഫർ, ചന്ദ്രിക, കോഴിക്കോട്), വിജയ് വർമ (പിടിഐ, ന്യൂഡൽഹി) എന്നിവർ പങ്കിട്ടു. അന്വേഷണാത്മക റിപ്പോർട്ടിങ്ങിനുള്ള പുരസ്കാരം കെ.സുജിത് (സീനിയർ റിപ്പോർട്ടർ, മംഗളം, കണ്ണൂർ), ചിത്രാംഗത ചൗധരി (സ്വതന്ത്ര ജേണലിസ്റ്റ്, ഒഡിഷ) എന്നിവർ ഏറ്റുവാങ്ങി.

ഗ്രാമീണ വികസനാത്മക റിപ്പോർട്ടിങ്ങിനു ശാലിനി നായർ (സീനിയർ അസിസ്റ്റന്റ് എഡിറ്റർ, ഇന്ത്യൻ എക്സ്പ്രസ്, ഡൽഹി), ന്യൂസ്പേപ്പർ ആർട് വിഭാഗത്തിൽ എം.പി. ഗിരീഷ് കുമാർ (ടൈംസ് ഓഫ് ഇന്ത്യ, കൊച്ചി), സ്തുത്യർഹ സേവനങ്ങൾക്കു സാം രാജപ്പ, ശരത് മിശ്ര എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.