Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിൽ ആദ്യ ഭീകരാക്രമണം നടത്തിയെന്ന് ഐഎസ്ഐഎസ്

Islamic-State-ISIS

ശ്രീനഗർ ∙ കശ്മീർ താഴ്‌വരയിൽ ഒരു പൊലീസ് ഓഫിസറുടെ മരണത്തിനിടയാക്കിയ ആക്രമണം തങ്ങൾ നടത്തിയതാണെന്ന ഐഎസ്ഐഎസ് എന്ന ഭീകരസംഘടനയുടെ അവകാശവാദം വിശദമായി പരിശോധിക്കുമെന്നു കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. വെള്ളിയാഴ്ച വാഹനത്തിൽ വന്ന മൂന്നു ഭീകരർ ശ്രീനഗർ–ഗന്ദേർബാൾ റോഡിലെ സക്കൂറ ക്രോസിങ്ങിൽ പൊലീസ് സംഘത്തിനു നേരെ വെടിവച്ചു സബ് ഇൻസ്പെക്ടർ ഇമ്രാൻ താക്കിനെ കൊലപ്പെടുത്തിയിരുന്നു. കശ്മീർ താഴ്‌വരയിലെ തങ്ങളുടെ ആദ്യ ഭീകരാക്രമണമാണിതെന്ന് ആഗോള ഭീകരസംഘടനയായ ഐഎസ്ഐഎസ് അവകാശപ്പെട്ടു.

ഇക്കാര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നു പറഞ്ഞ മന്ത്രി, പൊലീസ് നടത്തിയ പ്രത്യാക്രമണത്തിൽ ഒരു പ്രാദേശിക ഭീകരൻ കൊല്ലപ്പെട്ടെന്നും ഐഎസ്ഐഎസ് പതാകയിൽ പൊതിഞ്ഞാണ് ഇയാളുടെ ജഡം കൊണ്ടുപോയതെന്നും വ്യക്തമാക്കി. കഴിഞ്ഞ ദിവസം കശ്മീരിൽ ആറു പാക്ക് ഭീകരരെ ഒറ്റയടിക്കു വധിക്കാൻ കഴിഞ്ഞതു സൈനികർക്കു സ്വയം തീരുമാനമെടുത്തു പ്രവർത്തിക്കാൻ മോദി സർക്കാർ നൽകിയ സ്വാതന്ത്ര്യത്തിന്റെ ഗുണഫലമാണെന്നും ജിതേന്ദ്ര സിങ് അവകാശപ്പെട്ടു. ഈ വർഷം ഇതുവരെ കശ്മീരിൽ 190 ഭീകരരെ സൈന്യം വധിച്ചതായി ലഫ്. ജനറൽ ജെ.എസ്.സന്ധു പറഞ്ഞു. ഇതിൽ 110 പേർ വിദേശികളായിരുന്നു. വിദേശഭീകരരിൽ ഇരുനൂറോളം പേർ ഇപ്പോൾ സജീവമായി കശ്മീരിലുണ്ടെന്നും അദ്ദേഹം അറിയിച്ചു.