Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിൽ ഒരു യുവാവ് കൂടി തീവ്രവാദം ഉപേക്ഷിച്ചു

Majid Khan മാജിദ് ഖാൻ

ശ്രീനഗർ ∙ മാതാവിന്റെ കണ്ണീരിനു മുന്നിൽ തോക്കു താഴെവച്ച ഫുട്ബോൾ താരം മാജിദ് ഖാനു പിന്നാലെ മറ്റൊരു യുവാവു കൂടി ഭീകരപ്രവർത്തനം ഉപേക്ഷിച്ചു. സെപ്റ്റംബർ 29നു ദക്ഷിണ കശ്മീരിൽ നിന്നു കാണാതായ യുവാവാണു മാതാപിതാക്കളുടെ അഭ്യർഥനയെ തുടർന്നു മടങ്ങിയെത്തിയത്.

ഭീകരപ്രവർത്തനങ്ങളിൽ യുവാവ് സജീവമായിരുന്നുവെന്നും യുവാവിന്റെ സുരക്ഷ മുൻനിർത്തി കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും പൊലീസ് അറിയിച്ചു. മാതാവിന്റെ കരച്ചിൽ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചതോടെ നാലുദിവസം മുൻപാണു മാജിദ് ഖാൻ ഭീകരസംഘടനയായ ലഷ്കറെ തയിബ ഉപേക്ഷിച്ചു കീഴടങ്ങിയത്. ഇതിനിടെ മകനോടു മടങ്ങിയെത്താൻ അഭ്യർഥിക്കുന്ന മറ്റൊരു വിഡിയോ കൂടി വൈറലായി. ഷോപ്പിയാൻ ജില്ലയിലെ കപ്രിനിൽ നിന്നുള്ള ആഷിഖ് ഹുസൈൻ ഭട്ടിന്റെ മാതാപിതാക്കളുടെ അഭ്യർഥനയാണിത്. ഇന്നലെ കീഴടങ്ങിയ യുവാവ് ആഷിഖ് ഭട്ടാണോ എന്നു വ്യക്തമായിട്ടില്ല.

മാജിദ്, ബൂട്ടിയ വിളിക്കുന്നു

മാജിദ് ഖാന്റെ ഫുട്ബോൾ സ്വപ്നങ്ങൾ സഫലീകരിക്കാൻ പരിശീലനം നൽകാമെന്ന വാഗ്ദാനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയ. മാജിദിനെ ഡൽഹിയിലുള്ള തന്റെ ഫുട്ബോൾ സ്കൂളിൽ പരിശീലിപ്പിക്കാമെന്ന് ജമ്മു കശ്മീർ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റിനു ബൂട്ടിയ കത്തയച്ചു.

മടങ്ങി വരുന്നവർക്ക് സഹായം

മാജിദ് ഖാന്റെ കീഴടങ്ങൽ തീവ്രവാദ പാത ഉപേക്ഷിക്കാൻ കൂടുതൽ കശ്മീർ യുവാക്കൾക്കു പ്രേരണയാകുമെന്നാണു സുരക്ഷാസേനയുടെയും കശ്മീർ പൊലീസിന്റെയും പ്രതീക്ഷ. തോക്കുമായി ഒറ്റയ്ക്കു സൈനിക ക്യാംപിലെത്തി കീഴടങ്ങിയ മാജിദിനെതിരെ പൊലീസ് കേസൊന്നും ചുമത്തിയിട്ടില്ല. പകരം യുവാവിന്റെ പുനരധിവാസത്തിനു സഹായം നൽകും. കശ്മീരിലെ 130 യുവാക്കൾ തീവ്രവാദ സംഘടനകളിൽ സജീവമാണെന്നാണു പൊലീസിന്റെ നിഗമനം. വിദേശ ഭീകരർക്കു പിന്നാലെയാണു സുരക്ഷാസേനയെന്നും കശ്മീർ യുവാക്കൾക്കു കീഴടങ്ങാൽ എല്ലാവിധ സഹായങ്ങളും നൽകുമെന്നും ലഫ്. ജനറൽ സന്ധുവും ജമ്മു–കശ്മീർ പൊലീസ് മേധാവി എസ്.പി.വൈദും പറഞ്ഞു.