Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടില ചിഹ്നം അണ്ണാ ഡിഎംകെ ഔദ്യോഗിക പക്ഷത്തിന്

Edappadi Palaniswami panneerselvam

ചെന്നൈ ∙ ജയലളിതയുടെ മരണശേഷം അണ്ണാ ഡിഎംകെയിൽ ഉടലെടുത്ത അധികാരത്തർക്കം മൂലം മരവിപ്പിച്ചിരുന്ന രണ്ടില ചിഹ്നം തമിഴ്നാട് മുഖ്യമന്ത്രി ഇ. പളനിസാമിയും ഉപമുഖ്യമന്ത്രി ഒ. പനീർസെൽവവും നയിക്കുന്ന ഔദ്യോഗിക പക്ഷത്തിന് അനുവദിക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനിച്ചു.

സംഘടനയിലും പാർലമെന്ററി പാർട്ടിയിലുമുള്ള മഹാ ഭൂരിപക്ഷം കണക്കിലെടുത്താണു തീരുമാനം. മുൻ ജനറൽ സെക്രട്ടറി ശശികലയ്ക്കും പാർട്ടിയിലെ വിമതപക്ഷത്തെ നയിക്കുന്ന സഹോദരപുത്രൻ ടി.ടിവി. ദിനകരനും തീരുമാനം തിരിച്ചടിയാണ്.
കേന്ദ്ര സർക്കാരിന്റെ താൽപര്യത്തിനനുസൃതമായ തീരുമാനമാണു തിരഞ്ഞെടുപ്പ് കമ്മിഷൻ കൈക്കൊണ്ടതെന്നും ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും ദിനകരൻ പറഞ്ഞു.

അതേസമയം, സമീപകാലത്ത് ജെഡി(യു), സമാജ്‌വാദി പാർട്ടി എന്നിവയിലെ അധികാരത്തർക്കങ്ങളിൽ പിന്തുടർന്ന മാനദണ്ഡപ്രകാരമാണ് ഇവിടെയും തീരുമാനമെടുത്തതെന്നു കമ്മിഷൻ ചൂണ്ടിക്കാട്ടി. ഉടൻ നടക്കാനിരിക്കുന്ന ആർ.കെ.നഗർ ഉപതിരഞ്ഞെടുപ്പിലും തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിലും ഔദ്യോഗിക പക്ഷത്തിന് ആത്മവിശ്വാസം നൽകുന്നതാണു തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം.  ജനറൽ സെക്രട്ടറി പദവി ജയലളിതയുടെ ഓർമയ്ക്കായി നീക്കിവയ്ക്കാനുള്ള ജനറൽ കൗൺസിൽ തീരുമാനവും കമ്മിഷൻ ശരിവച്ചു.