Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാജ നിയമബിരുദവുമായി 21 കൊല്ലം മജിസ്ട്രേട്ട്

Law | Justice | Court

ചെന്നൈ∙ നിയമബിരുദം ഇല്ലാത്ത വ്യക്തി തമിഴ്നാട്ടിൽ മജിസ്ട്രേട്ട് ആയി ‘സേവനം’ അനുഷ്ഠിച്ചത് 21 വർഷം!. 2003ൽ വിരമിച്ചതിനു ശേഷം അഭിഭാഷകനായി ബാർ കൗൺസിലിൽ എൻറോൾ ചെയ്ത മധുര ഉലഗനേരി സ്വദേശി പി.നടരാജന്റെ വിദ്യാഭ്യാസരേഖകളാണു വ്യാജമാണെന്നു പരിശോധനയിൽ കണ്ടെത്തിയത്. കടലാസ് സർവകലാശാലകളിൽ നിന്നു വ്യാജബിരുദം നേടിയെത്തുന്ന അഭിഭാഷകരെ കണ്ടെത്താൻ സുപ്രീം കോടതി നിർദേശപ്രകാരം തമിഴ്നാട്-പുതുച്ചേരി ബാർ കൗൺസിൽ നടത്തിയ അന്വേഷണത്തിലാണു കുടുങ്ങിയത്.

കാരണംകാണിക്കൽ നോട്ടിസിനു നടരാജന്റെ മറുപടി ഇങ്ങനെ: ‘‘ 21 വർഷം ജുഡീഷ്യൽ മജിസ്ട്രേട്ട് ഉൾപ്പെടെ കാൽ നൂറ്റാണ്ട് ജുഡീഷ്യൽ സർവീസിൽ പ്രവർത്തിച്ച ഒരാളുടെ എൻറോൾമെന്റ് റദ്ദാക്കുന്നതു ശരിയല്ല. മൈസൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ശാരദ ലോ കോളജിൽ നിന്നു വിദൂര വിദ്യാഭ്യാസ പദ്ധതി പ്രകാരമാണു ബിജിഎൽ കോഴ്സ് പൂർത്തിയാക്കിയത്. കോഴ്സിന്റെ മൂന്നാം വർഷത്തിൽ മാത്രമാണു ക്ലാസിൽ ഹാജരായത്. ബിരുദത്തിന് അംഗീകാരമില്ലെന്ന് അറിയില്ലായിരുന്നു.’’

90,000 അംഗങ്ങളുടെ കൗൺസിലിൽ 56,000 പേർ സർട്ടിഫിക്കറ്റുകൾ പരിശോധനയ്ക്കായി സമർപ്പിച്ചു. ഇതിൽ 4000 പേർക്കു മതിയായ യോഗ്യതയില്ലെന്നും 2000 പേർ പൂർണ വ്യാജന്മാരാണെന്നും കണ്ടെത്തിയിട്ടുണ്ട്.