Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപതിരഞ്ഞെടുപ്പ്: തമ്മിലടിച്ച് അണ്ണാഡിഎംകെ ഔദ്യോഗികവിഭാഗം

ചെന്നൈ ∙ സ്ഥാനാർഥി നിർണയത്തിന്റെ പേരിൽ ഇടഞ്ഞ് അണ്ണാ ഡിഎംകെ ഔദ്യോഗിക വിഭാഗം, ഭിന്നിപ്പ് വോട്ടാക്കി മാറ്റാൻ ഡിഎംകെ, പണമൊഴുക്കു തടയാൻ കർശനനടപടികളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ; ആർകെ നഗർ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ തമിഴ്നാട് രാഷ്ട്രീയം വീണ്ടും ചൂടുപിടിക്കുന്നു. 

രണ്ടില ചിഹ്നം തിരികെ കിട്ടിയതിനെ തുടർന്നു മധുരയിൽ സംഘടിപ്പിച്ച വിജയസമ്മേളനത്തിൽ പനീർസെൽവം പക്ഷ, നേതാക്കളെ ക്ഷണിക്കാത്തതോടെയാണ് അണ്ണാഡിഎംകെ ഔദ്യോഗിക വിഭാഗത്തിൽ അടി ശക്തമായത്. റദ്ദാക്കിയ ഏപ്രിൽ ഉപതിരഞ്ഞെടുപ്പിൽ പനീർസെൽവം വിഭാഗത്തിനായി മൽസരിച്ച ഇ.മധുസൂദനനെ തന്നെ വീണ്ടും കളത്തിലിറക്കണമെന്ന ആവശ്യത്തോടും മുഖ്യമന്ത്രി പളനിസാമി പക്ഷം മുഖംതിരിക്കുന്നെന്നാണു സൂചന. മധുസൂദനനു ടിക്കറ്റ് നിഷേധിച്ചാൽ ഭിന്നത പൊട്ടിത്തെറിയിൽ കലാശിച്ചേക്കാം. അത്തരമൊരു സാഹസത്തിനു പളനിസാമി മുതിരുമോയെന്നു കണ്ടറിയണം. 

അണ്ണാഡിഎംകെയിലെ ഭിന്നത മുതലാക്കാൻ ലക്ഷ്യമിട്ട് ഊർജിത പ്രചാരണത്തിന് ഒരുങ്ങുന്ന ഡിഎംകെ, എൻ.മരുതു ഗണേശിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. റദ്ദാക്കിയ ഉപതിരഞ്ഞെടുപ്പിലും ഗണേശിനായിരുന്നു ഡിഎംകെ സീറ്റ്. 

ഇതിനിടെ, വൈകിട്ട് അഞ്ചിനുശേഷം വീടുകയറിയുള്ള പ്രചാരണം നിരോധിച്ചും പൊലീസ് പരിശോധന കർശനമാക്കിയും തിരഞ്ഞെടുപ്പ് കമ്മിഷനും നിലപാട് ശക്തമാക്കി. ഏപ്രിലിൽ നിശ്ചയിച്ചിരുന്ന ഉപതിരഞ്ഞെടുപ്പ് വോട്ടർമാർക്കു പണം നൽകിയതായി കണ്ടെത്തിയാണു റദ്ദാക്കിയത്.