Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകൻ പൗരോഹിത്യത്തിലേക്ക്; ദാവൂദിന്റെ ‘വിഷാദ’ത്തിന് സ്ഥിരീകരണമില്ല

Dawood Ibrahim

മുംബൈ ∙ ബിസിനസ് കാര്യങ്ങൾ ശ്രദ്ധിക്കാതെ മകൻ പൗരോഹിത്യത്തിലേക്കു തിരിഞ്ഞതിനാൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം കടുത്ത വിഷാദത്തിലാണെന്ന പ്രചാരണം സ്ഥിരീകരിക്കാതെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ വിഭാഗവും. 

തന്റെ ‘സാമ്രാജ്യം’ നോക്കിനടത്തുമെന്നു പ്രതീക്ഷിച്ചിരുന്ന ഏക മകൻ മോയിൻ നവാസ് ഡി.കസ്കർ (31) ആഡംബരജീവിതം വിട്ടു ‘മൗലാന’ ആയതിൽ ദാവൂദ് ദുഃഖിതനാണെന്നു സഹോദരൻ ഇക്ബാൽ കസ്കർ പറഞ്ഞെന്നാണു പ്രചാരണം. കസ്കറെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്ന വിവരം താനെ ആന്റി എക്സ്റ്റോർഷൻ സെൽ മേധാവി പ്രദീപ് ശർമയാണു കഴിഞ്ഞദിവസം വാർത്താ ഏജൻസിയോടു പറഞ്ഞത്.

ഭീഷണിപ്പെടുത്തി പണം തട്ടൽ കേസിൽ കസ്കറെ ശർമ അറസ്റ്റ് ചെയ്തതു തന്നെ പൊലീസിൽ കടുത്ത അഭിപ്രായഭിന്നതയ്ക്കു കാരണമായിരുന്നു. മുംബൈ പൊലീസ് കമ്മിഷണറുടെ ഓഫിസിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള വീട്ടിൽ നിന്നായിരുന്നു അനുമതി തേടാതെയുള്ള അറസ്റ്റ്. സമീപ ജില്ലയായ താനെയിലെ പൊലീസ് വിഭാഗത്തിന്റെ നടപടി മുംബൈ പൊലീസിനെ ചൊടിപ്പിക്കുകയും ചെയ്തു. 

മുംബൈ പൊലീസിലെ ഏറ്റുമുട്ടൽ വീരനായി അറിയപ്പെട്ടിരുന്ന ശർമ, അധോലോക സംഘാംഗങ്ങളടക്കം 32 കുറ്റവാളികളെ വെടിവച്ചു കൊലപ്പെടുത്തിയിട്ടുണ്ട്. വ്യാജ ഏറ്റുമുട്ടൽ, അഴിമതി ആരോപണങ്ങളെ തുടർന്നു 2008ൽ സസ്പെൻഷനിലായി. ഇക്കൊല്ലം ഓഗസ്റ്റിലാണു സർവീസിൽ തിരികെ എത്തിയത്. തൊട്ടുപിന്നാലെയായിരുന്നു കസ്കറുടെ അറസ്റ്റ്. 

ബിസിനസ് മാനേജ്മെന്റ് ബിരുദധാരിയായ മോയിൻ നവാസ്, പിതാവ് ദാവൂദിന്റെ ബിസിനസിൽ നേരത്തേ ഇടപെട്ടിരുന്നെങ്കിലും ഇപ്പോൾ എല്ലാം ഉപേക്ഷിച്ചു കറാച്ചിയിലെ പള്ളികളിലൊന്നിനോടു ചേർന്നുള്ള ചെറിയ വീട്ടിലാണു കഴിയുന്നതെന്നാണു വിവരമെന്നു പ്രദീപ് ശർമ പറയുന്നു. നവാസിനു ഭാര്യയും മൂന്നുമക്കളുമുണ്ട്. 

നേരത്തേ, ദാവൂദിന്റെ മുൻ ഭാര്യ മെഹജാബിൻ ഷെയ്ഖ് 2016ൽ മുംബൈയിൽ വന്നു പോയിരുന്നു എന്നും കസ്കർ പറഞ്ഞതായി ശർമ വെളിപ്പെടുത്തിയതിനും സ്ഥിരീകരണമില്ല. പ്രശസ്തിയുടെ നെറുകയിലായിരിക്കെ അച്ചടക്കനടപടി നേരിട്ട ശർമ, തിരിച്ചുവരവിൽ പേരെടുക്കാൻ നടത്തുന്ന ശ്രമങ്ങളാണിതെന്നും ആരോപണമുണ്ട്.