Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജമ്മുവിന് അനുയോജ്യമായ വാഴ ടിഷ്യു കൾച്ചർ വഴി വികസിപ്പിച്ചു

ശ്രീനഗർ∙ പഴങ്ങളുടെ നാട്ടിലേക്കു വൈകിയെത്തിയ അതിഥിയായി വാഴപ്പഴം. മറ്റു പഴങ്ങളുടെ പ്രധാന ഉൽപാദകരായിട്ടും ജമ്മു കശ്മീരിൽ വാഴപ്പഴം വിളഞ്ഞിരുന്നില്ല. വർഷം 250 കോടി രൂപയുടെ വാഴപ്പഴമാണു സംസ്ഥാനത്തേക്ക് എത്തിച്ചിരുന്നത്. ഇതിനു പരിഹാരമായി ജമ്മുവിൽ വാഴക്കൃഷി വ്യാപകമാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റീവ് മെഡിസിൻ (ഐഐഐഎം).

ജമ്മുവിലെ ചാറ്റയിൽ ഐഐഐഎമ്മിന്റെ കൃഷിയിടത്തിൽ ഇത്തവണ വിളഞ്ഞതു രണ്ടായിരത്തിലേറെ വാഴക്കുലകൾ. 25 മുതൽ 30 കിലോ വരെയാണു ശരാശരി വിളവ്. ജമ്മുവിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വാഴ ടിഷ്യു കൾച്ചർ വഴി വികസിപ്പിച്ചെടുക്കാനായതാണു നേട്ടമായത്. വൈകാതെ പോളിഹൗസ് കൃഷി രീതിയിലൂടെ കശ്മീരിലേക്കും വാഴക്കൃഷി വ്യാപിപ്പിക്കാൻ ആലോചനയുണ്ട്. നിലവിൽ കേരളം, തമിഴ്നാട്, ബംഗാൾ, മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക, അസം, ആന്ധ്ര, ബിഹാർ എന്നിവയാണു വൻ തോതിൽ വാഴ കൃഷി ചെയ്യുന്ന സംസ്ഥാനങ്ങൾ.