Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജസ്ഥാൻ കരിനിയമം: ഓർഡിനൻസ് അസാധു

ജയ്‌പുർ∙ അഴിമതി അന്വേഷണവും മാധ്യമപ്രവർത്തനവും നിയന്ത്രിക്കുന്ന രാജസ്ഥാനിലെ വിവാദ ഓർഡിനൻസ് കാലാവധി കഴിഞ്ഞതോടെ അസാധുവായി. ബിജെപിയുടെ വസുന്ധര രാജെ സർക്കാർ കഴിഞ്ഞ സെപ്റ്റംബർ ആറിനു തയാറാക്കിയ ഓർഡിനൻസിനു പകരമുള്ള ബിൽ, നിയമസഭയിൽ ഒക്ടോബർ 23ന് അവതരിപ്പിച്ചിരുന്നു. എന്നാൽ വ്യാപകമായ വിമർശനമുയർന്നതോടെ ബിൽ സിലക്‌ട് കമ്മിറ്റിക്കു വിട്ടു.

ഓർഡിനൻസിനു 42 ദിവസത്തെ കാലാവധിയാണുണ്ടായിരുന്നത്. ഞായറാഴ്ച അർധരാത്രിയോടെ ഇത് അസാധുവായി. ബിൽ സംബന്ധിച്ച സിലക്ട് കമ്മിറ്റിയുടെ റിപ്പോർട്ട് അടുത്ത നിയമസഭാ സമ്മേളനത്തിലാണ് അവതരിപ്പിക്കുക. കമ്മിറ്റിയുടെ അടുത്ത യോഗം ഈ മാസം 27നാണ്. സർവീസിലുള്ളവരും വിരമിച്ചവരുമായ ന്യായാധിപന്മാർ, സർക്കാർ ജീവനക്കാർ എന്നിവർക്കെതിരെയുള്ള അഴിമതി അന്വേഷണങ്ങൾക്ക് സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്നതാണു വിവാദനിയമം. സർക്കാർ അനുമതി ലഭിക്കുംവരെ ഇതുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്നതിനു വിലക്കുണ്ടാകും.