Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമർനാഥ് തീർഥാടകരെ ആക്രമിച്ച സംഘത്തിലെ മൂന്നു ഭീകരരെ വധിച്ചു; ഒരു ഭീകരനെ ജീവനോടെ പിടികൂടി

ശ്രീനഗർ ∙ കഴിഞ്ഞ ജൂലൈയിൽ അമർനാഥ് തീർഥാടകരെ ആക്രമിച്ച ഭീകരസംഘത്തിൽപ്പെട്ട മൂന്നുപേരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ഒരു ഭീകരനെ ജീവനോടെ പിടികൂടി. കൊല്ലപ്പെട്ടവരിൽ പാക്ക് പൗരന്മാരായ ലഷ്കറെ തയിബ തെക്കൻ കശ്മീർ മേധാവി അബു ഫുർഖാൻ, അബു മാവിയ എന്നിവരുൾപ്പെടുന്നു. കശ്മീരിലെ ഖാസിഗുണ്ടിൽ കഴിഞ്ഞ ദിവസം ഭീകരരും സൈനികരും തമ്മിൽ ആരംഭിച്ച ഏറ്റുമുട്ടൽ ഇന്നലെ പുലർച്ചെ രണ്ടുമണിയോടെയാണ് അവസാനിച്ചത്. ഇതോടെ അന്നു തീർഥാടകരെ ആക്രമിച്ച സംഘത്തെ പൂർണമായും തുടച്ചുനീക്കിയെന്ന് ഇന്ത്യൻ സൈന്യം അവകാശപ്പെട്ടു.

ഏറ്റുമുട്ടലിൽ കഴിഞ്ഞദിവസം തന്നെ രണ്ടു ഭീകരർ കൊല്ലപ്പെട്ടിരുന്നു. മൂന്നാമത്തെ ഭീകരൻ കുൽഗം സ്വദേശിയായ യാവാർ ബാസിറിന്റെ ജഡം ഇന്നലെ ഏറ്റുമുട്ടൽ സ്ഥലത്തുനിന്നു കിട്ടി. ഏറ്റുമുട്ടലിൽ ഒരു ജവാൻ വീരമൃത്യു വരിച്ചിരുന്നു. മറ്റൊരു ജവാനു പരുക്കേറ്റു. ഭീകരസംഘത്തിലെ നാലാമൻ റഷീദ് അഹമ്മദ് പരുക്കുകളോടെ സംഭവസ്ഥലത്തുനിന്നു പലായനം ചെയ്തെങ്കിലും ദക്ഷിണ കശ്മീരിലെ അനന്തനാഗിലെ ആശുപത്രിയിൽ നിന്നു പിടികൂടി. ശ്രീനഗറിലേക്കു പോകുകയായിരുന്ന സൈനിക വാഹനത്തിനു നേർക്കു ദേശീയപാതയിൽ ഖാസിഗുണ്ടിൽ ഭീകരർ വെടിവച്ചതോടെയാണു കഴിഞ്ഞ ദിവസം ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടലിനു ശേഷമാണ് ഇവർ അമർനാഥ് തീർഥാടകരെ ആക്രമിച്ച ഭീകരസംഘത്തിൽ പെട്ടവരാണെന്നു വ്യക്തമായത്.

അമർനാഥ് ക്ഷേത്രസന്ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന തീർഥാടകസംഘത്തിനു നേരെ കഴിഞ്ഞ ജൂലൈ പത്തിനാണു ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തിൽ എട്ടു തീർഥാടകർ കൊല്ലപ്പെടുകയും 19 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ സൂത്രധാരൻ അബു ഇസ്മായിലിനെ നേരത്തേ വധിച്ചിരുന്നു. അബു ഇസ്മായിലിനു ശേഷമാണ് അബു ഫുർഖാൻ തെക്കൻ കശ്മീരിലെ ലഷ്കറെ മേധാവിയായത്.