Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വെറും പ്രതിഷേധം പോരാ, ലാത്തിച്ചാർജ് ഉണ്ടാകണം’

Amit-Shah അമിത് ഷാ

ബെംഗളൂരു ∙ ഹനുമദ് ജയന്തി റാലിയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളിൽ പ്രതിഷേധം ശക്തമാക്കണമെന്നു ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ ആവശ്യപ്പെട്ടെന്നും താനും അനുയായികളും അത് അനുസരിക്കുകയായിരുന്നെന്നും മൈസൂരു എംപി പ്രതാപ് സിംഹ. ഇക്കാര്യം പരമാർശിച്ചുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വിഡിയോ ക്ലിപ്പിൽ പറയുന്നത്: ‘റാലി നടത്താനുള്ള ശ്രമം പൊലീസ് തടഞ്ഞതിനെ തുടർന്നു പ്രതിഷേധിച്ചതായി ഞാനും യുവമോർച്ച പ്രവർത്തകരും അമിത് ഷായെ അറിയിച്ചു. കണ്ണീർവാതക പ്രയോഗത്തിനോ, ലാത്തിച്ചാർജിനോ ഇടയാക്കിയ പ്രതിഷേധങ്ങൾ നടന്നോ എന്ന് അദ്ദേഹം ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോൾ പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ നിർദേശം നൽകി. ആ നിർദേശം ഞാൻ അനുസരിക്കും’.

യുവമോർച്ച നേതാവു കൂടിയായ പ്രതാപ് സിംഹയുടെ 37 സെക്കൻഡ് വിഡിയോയാണു പുറത്തു വന്നത്. സംഭവം വിവാദമായതോടെ, താൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ദൈർഘ്യമുള്ള വിഡിയോയിൽ നിന്നുള്ള പരാമർശങ്ങൾ അടർത്തിയെടുത്താണ് ഇങ്ങനെ പ്രചരിപ്പിക്കുന്നതെന്ന വിശദീകരണവുമായി സിംഹ രംഗത്തെത്തി.അതേ സമയം അമിത് ഷായുടെ നിർദേശത്തെ പ്രതാപ് സിംഹ തെറ്റിദ്ധരിക്കുകയായിരുന്നെന്നും പൊതുജനങ്ങളുടെ പ്രശ്നത്തിൽ ശക്തമായി പ്രതികരിക്കണമെന്നാണ് ഉദ്ദേശിച്ചതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.എസ് യെഡിയൂരപ്പ പറഞ്ഞു.

നബിദിനവും ഹനുമദ് ജയന്തിയും കഴിഞ്ഞദിവസങ്ങളിൽ അടുത്തടുത്തു വരുന്ന സാഹചര്യത്തിൽ ഹുൻസൂരിൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതു ലംഘിച്ചു സിംഹ റാലി നടത്താൻ ശ്രമിച്ചപ്പോഴാണു തടഞ്ഞത്. തുടർന്ന് കരുതൽ നടപടിയുടെ ഭാഗമായി എംപിയെ അറസ്റ്റ് ചെയ്തു വിട്ടയച്ചു.