Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർട്ട് ഓഫ് ലിവിങ് സമ്മേളനം പരിസ്ഥിതി നാശമുണ്ടാക്കി: ദേശീയ ഹരിത ട്രൈബ്യൂണൽ

ന്യൂഡൽഹി ∙ ആർട്ട് ഓഫ് ലിവിങ്ങിന്റെ നേതൃത്വത്തിൽ യമുനാ തീരത്തു സംഘടിപ്പിച്ച ലോകസാംസ്കാരികോത്സവം പരിസ്ഥിതിക്കു നഷ്ടമുണ്ടാക്കിയെന്നു ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി). എന്നാൽ, പരിസ്ഥിതി നഷ്ടപരിഹാരമായി കൂടുതൽ തുക അടയ്ക്കേണ്ടതില്ലെന്നും ചെയർമാൻ ജസ്റ്റിസ് സ്വതന്തർ കുമാർ അധ്യക്ഷനായ ബെഞ്ച് വിധിച്ചു.

നഷ്ടപരിഹാരമായി അഞ്ചുകോടി രൂപ നേരത്തേ ആർട്ട് ഓഫ് ലിവിങ്ങിൽ നിന്ന് ഈടാക്കിയിരുന്നു. ഈ തുക കൊണ്ടു നദീതടം നവീകരിക്കും. നവീകരണത്തിനു കൂടുതൽ തുക ചെലവായാൽ ആർട്ട് ഓഫ് ലിവിങ്ങിൽ നിന്ന് ഈടാക്കും. തീര നവീകരണത്തിനു ചെലവാകുന്ന തുക സംബന്ധിച്ചു കണക്കെടുക്കാൻ ഡൽഹി വികസന അതോറിറ്റിക്കു നിർദേശം നൽകി. പരിസ്ഥിതിക്കു നാശം വരുത്തുന്ന ഒരു പ്രവർത്തനത്തിനും നദീതടം അനുവദിക്കാൻ പാടില്ല.

യമുനാ തീരസംരക്ഷണം ഡിഡിഎയുടെ ചുമതലയാണ്. എന്നാൽ, ചുമതല അവർ നിറവേറ്റിയില്ലെന്നും എൻജിടി വിലയിരുത്തി. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ആർട്ട് ഓഫ് ലിവിങ് അഭിഭാഷകൻ അറിയിച്ചു. ശ്രീശ്രീ രവിശങ്കർ നേതൃത്വംനൽകുന്ന ആർട്ട് ഓഫ് ലിവിങ് കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു ത്രിദിന ലോകസാംസ്കാരികോത്സവം സംഘടിപ്പിച്ചത്.