Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടക നഴ്സിങ് കോളജുകൾ വീണ്ടും ഐഎൻസി പട്ടികയിൽ നിന്നു പുറത്ത്

ബെംഗളൂരു ∙ കർണാടകയിലെ നഴ്സിങ് കോളജുകളുടെ പേര് ഇന്ത്യൻ നഴ്സിങ് കൗൺസിൽ (ഐഎൻസി) വെബ്സൈറ്റിൽനിന്നു വീണ്ടും നീക്കിയതോടെ വിദ്യാർഥികൾ ആശങ്കയിൽ. ഐഎൻസി അംഗീകാരമില്ലാതെ പഠിച്ചിറങ്ങുന്നവർക്കു കർണാടകയ്ക്കു പുറത്തു ജോലി ചെയ്യാനാകില്ലെന്നതാണു പ്രശ്നം. വിദ്യാഭ്യാസവായ്പ കിട്ടാനും തടസ്സമുണ്ടാകും. കർണാടകയിലെ 75 ശതമാനത്തോളം നഴ്സിങ് വിദ്യാർഥികളും മലയാളികളാണ്. 

കഴിഞ്ഞ മാസം 15ന് അംഗീകൃത നഴ്സിങ് കോളജുകളുടെ പട്ടിക ഐഎൻസി വെബ്സൈറ്റിൽ പുതുക്കി പ്രസിദ്ധീകരിച്ചപ്പോഴാണു കർണാടകയിലെ സ്ഥാപനങ്ങളെ പൂർണമായി ഒഴിവാക്കിയത്. കർണാടക സർക്കാരും ഐഎൻസിയും തമ്മിലുള്ള തർക്കത്തെത്തുടർന്നു രണ്ടാം തവണയാണ് ഇത്തരത്തിലുള്ള നടപടി. 

കർണാടകയിലെ നഴ്സിങ് കോളജുകൾക്കു സംസ്ഥാന നഴ്സിങ് കൗൺസിലിന്റെയും രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയുടെയും അംഗീകാരം മതിയെന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ മേയ് 16ലെ ഉത്തരവാണു പ്രശ്നങ്ങൾക്കു തുടക്കമിട്ടത്. തുടർന്നു കർണാടകയിലെ 257 നഴ്സിങ് കോളജുകളെ ഐഎൻസി പട്ടികയിൽനിന്ന് ഒഴിവാക്കി. കർണാടക നിലപാടിനെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവച്ചെങ്കിലും ഡിവിഷൻ ബെഞ്ച് പിന്നീട് ഇതു ഭാഗികമായി സ്റ്റേ ചെയ്തിരുന്നു. തുടർന്ന് ഓഗസ്റ്റിൽ ഈ കോളജുകൾ വീണ്ടും ഐഎൻസി പട്ടികയിൽ ഇടംപിടിച്ചു. 

എന്നാൽ കർണാടക സ്റ്റേറ്റ് അസോസിയേഷൻ ഓഫ് മാനേജ്മെന്റ്സ് ഓഫ് നഴ്സിങ് ആൻഡ് അലൈഡ് ഹെൽത്ത് സയൻസസ് ഇൻസ്റ്റിറ്റ്യൂഷൻസ് സുപ്രീം കോടതിയിൽ നിന്ന് ഇതിനെതിരെ സ്റ്റേ വാങ്ങിയതോടെയാണു വെബ്സൈറ്റിൽനിന്നു കോളജുകളുടെ പേര് വീണ്ടും ഒഴിവാക്കിയത്. ഐഎൻസി അംഗീകാര പ്രശ്നത്തിൽ കർണാടകയിലെ മാനേജ്മെന്റുകൾതന്നെ രണ്ടു തട്ടിലാണ്. അംഗീകാരം വേണ്ടെന്നു വാദിക്കുന്നവരാണു സുപ്രീം കോടതിയിൽ നിന്നു സ്റ്റേ നേടിയത്. എന്നാൽ തർക്കം പരിഹരിച്ചാൽ മാത്രമേ വിദ്യാർഥികളുടെ സുരക്ഷിത ഭാവി ഉറപ്പാക്കാനാകൂ എന്നു മറ്റൊരു വിഭാഗം മാനേജ്മെന്റുകൾ ചൂണ്ടിക്കാട്ടുന്നു.