Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശർമയുമായി ചർച്ച: മുസ്‌ലിം കോൺഫറൻസിൽ ഭിന്നത

Dineshwar-Sharma ദിനേശ്വർ ശർമ

ശ്രീനഗർ∙ കശ്മീർ പ്രശ്നപരിഹാരത്തിനായി നിയമിക്കപ്പെട്ട കേന്ദ്രസർക്കാരിന്റെ പ്രത്യേകദൂതൻ ദിനേശ്വർ ശർമയുമായി ചർച്ച നടത്തിയതിന്റെ പേരിൽ വിഘടനവാദി സംഘടനകളുടെ കോൺഫെഡറേഷനായ ഹുറിയത് കോൺഫറൻസിൽ ഭിന്നത. മിർവായിസ് ഉമർ ഫാറൂഖിന്റെ നേതൃത്വത്തിലുള്ള മിതവാദി വിഭാഗത്തിൽ ഉൾപ്പെടുന്ന മുസ്‌ലിം കോൺഫറൻസിലെ ചില നേതാക്കളാണു പ്രസിഡന്റും ഹുറിയത് മുൻ ചെയർമാനുമായ പ്രഫ. അബ്ദുൽ ഗനി ബട്ടിനെതിരെ രംഗത്തുവന്നത്.

ബട്ടിനെ പ്രസിഡന്റു സ്ഥാനത്തു നിന്നു നീക്കി മുഹമ്മദ് സുൽത്താൻ മാഗ്റെയെ താൽക്കാലിക പ്രസിഡന്റായി നിയമിച്ചുവെന്ന് അവർ വ്യക്തമാക്കി. സംഘടനയുടെ ഭാവി പരിപാടികൾക്കു തന്നെ ബന്ധപ്പെടണമെന്നു മാഗ്റെ മിർവായിസിനെ രേഖാമൂലം അറിയിച്ചു. ചർച്ചകളെ താൻ പിന്തുണയ്ക്കുന്നുവെന്നും അതു തുടരുമെന്നും ബട്ട് വ്യക്തമാക്കി. മുസ്‌ലിം കോൺഫറൻസിന്റെ സ്ഥാപകൻ താനാണെന്നും ആർക്കും മാറ്റാൻ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

അച്ചടക്കം ലംഘിച്ചതിനു മാഗ്റെയുടെ മരുമകനെ പാർട്ടിയുടെ പാക്കിസ്ഥാനിലെ മുഖ്യപ്രതിനിധി എന്ന സ്ഥാനത്തു നിന്നു നീക്കിയതിന്റെ വിരോധമാണിതെന്നും കുറ്റപ്പെടുത്തി. ചർച്ചകളിൽ എന്താണു തെറ്റ്? പാക്കിസ്ഥാന്റെ മുൻ വിദേശകാര്യമന്ത്രി ഖുർഷിദ് കസുരിയും മറ്റും ഇന്ത്യയുടെ മുൻ നയതന്ത്രപ്രതിനിധികളും രാഷട്രീയ നേതാക്കളുമായി ചർച്ച നടത്തുന്നതെങ്ങനെയെന്നു കാണുക? ബട്ട് ചോദിച്ചു. നവംബർ 27നു ബട്ടിന്റെ വസതിയിൽ എത്തിയാണു ശർമ ചർച്ച നടത്തിയത്. മറ്റു വിഘടനവാദി നേതാക്കളാരും ചർച്ചയിൽ പങ്കെടുത്തിരുന്നില്ല.