Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേരറിവാളന് പുനഃപരിശോധനാ ഹർജി നൽകാം: സുപ്രീം കോടതി

ന്യൂഡൽഹി ∙ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനു പുനഃപരിശോധനാ ഹർജി നൽകാവുന്നതാണെന്നു സുപ്രീം കോടതി. കൊലപാതകത്തിന് ഉപയോഗിച്ച ബോംബിന്റെ നിർമാണത്തിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയാകുന്നതുവരെ ശിക്ഷ ഒഴിവാക്കണമെന്ന പേരറിവാളന്റെ ഹർജിയാണു ജഡ്‌ജിമാരായ രഞ്‌ജൻ ഗൊഗോയ്, ആർ.ഭാനുമതി എന്നിവരുടെ ബെഞ്ച് പരിഗണിച്ചത്.

മൾട്ടി ഡിസിപ്‌ളിനറി മോണിറ്ററിങ് ഏജൻസിയുടെ അന്വേഷണം അനന്തമായി നീളുകയാണെന്നും അത് എന്നു തീരുമെന്നു വ്യക്‌തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാരന് അന്വേഷണം അവസാനിപ്പിക്കണമെന്നോ കേസ് വീണ്ടും പരിഗണിക്കണമെന്നോ ആവശ്യപ്പെടാം. അടുത്ത മാസം 24നു വിശദമായ വാദം കേൾക്കും. നേരത്തേ, ഹർജിയിൽ നിലപാടു വ്യക്‌തമാക്കാൻ കേന്ദ്ര സർക്കാരിനോടു കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പ്രതികളെ വെറുതെ വിടാനുള്ള തമിഴ്‌നാട് സർക്കാരിന്റെ തീരുമാനം ചോദ്യംചെയ്‌തുള്ള ഹർജി സുപ്രീം കോടതിയുടെ തന്നെ പരിഗണനയിലിരിക്കേ ഇതു സാധ്യമല്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം.