Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരവായി രാഹുൽ; ശനിയാഴ്ച കോൺഗ്രസ് അധ്യക്ഷസ്ഥാനമേൽക്കും

rahul കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധിയെ അഹമ്മദാബാദിലെ തിരഞ്ഞെടുപ്പു റാലിയിൽ ആശ്ലേഷിക്കുന്ന പ്രവർത്തകൻ. ചിത്രം: പിടിഐ

ന്യൂഡൽഹി ∙ രാഹുൽ ഗാന്ധി അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ (എഐസിസി) പുതിയ പ്രസിഡന്റ്. നാമനിർദേശ പത്രിക പിൻവലിക്കേണ്ട സമയം അവസാനിച്ചതിനു പിന്നാലെ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണു രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട വിവരം പ്രഖ്യാപിച്ചത്. നെഹ്റു–ഗാന്ധി കുടുംബത്തിൽനിന്നുള്ള ആറാമത്തെ പാർട്ടി പ്രസിഡന്റാണു രാഹുൽ.

പത്തൊൻപതു വർഷം പാർട്ടി അധ്യക്ഷ പദവിയിലിരുന്ന അമ്മ, സോണിയ ഗാന്ധിയിൽനിന്നു രാഹുൽ അധികാരമേൽക്കുന്നതു വെല്ലുവിളികൾക്കു നടുവിലാണ്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ 45 എംപിമാരെ മാത്രം വിജയിപ്പിക്കാൻ കഴിഞ്ഞ പാർട്ടിക്കു ലോക്സഭയിൽ പ്രതിപക്ഷ നേതൃപദവി പോലുമില്ല. അധികാരത്തിലിരിക്കുന്നതു വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങളിൽ മാത്രം.

രാഹുലിന്റെ വരവ് കോൺഗ്രസിൽ തലമുറമാറ്റത്തിന്റെ പ്രഖ്യാപനം കൂടിയാണ്. പ്രമുഖ പദവികളിൽ യുവാക്കളെ നിയോഗിച്ചുകൊണ്ട് എഐസിസി അഴിച്ചുപണി വൈകാതെയുണ്ടാവും. യുവത്വത്തിനൊപ്പം പരിചയസമ്പത്തിനും ഇടമുണ്ടാവുമെന്നാണു മുതിർന്ന തലമുറയുടെ പ്രതീക്ഷ. രാഹുൽ പ്രസിഡന്റാകുന്നതോടെ പാർട്ടിയിൽ രണ്ട് അധികാരസ്ഥാനങ്ങളുണ്ടെന്ന പരാതിക്കു പരിഹാരമാകും. ആരോഗ്യപ്രശ്നങ്ങളുള്ള സോണിയ ഗാന്ധി, തിരക്കിട്ട രാഷ്ട്രീയ ജീവിതത്തിൽനിന്നു പിന്മാറുകയാണ്.

ശനിയാഴ്ച എഐസിസി ആസ്ഥാനത്തു നടക്കുന്ന ചടങ്ങിലാണു രാഹുൽ ഔപചാരികമായി അധികാരമേൽക്കുക. അതിനു പിന്നാലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവരും. രാഹുൽ ഗാന്ധിയെന്ന കോൺഗ്രസ് പ്രസിഡന്റിന്റെ മികവളക്കുന്ന ഉരകല്ലു കൂടിയാകും, ഗുജറാത്ത്.