Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിന്ദു സംഘടനാ പ്രവർത്തകന്റെ മരണം: ഉത്തര കന്നഡയിൽ കല്ലേറ്, ലാത്തിച്ചാർജ്

ഉത്തര കന്നഡ (കർണാടക) ∙ ഹൊന്നവാരയിൽ സംഘപരിവാർ പ്രവർത്തകൻ പരേഷ് കമലാകർ മെസ്ത(19) ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സംഘർ‌ഷാവസ്ഥ തുടരുന്നു. നിരോധനാജ്ഞയ്ക്കിടയിലും പ്രതിഷേധം സംഘടിപ്പിച്ച ബിജെപി, ഹിന്ദു സംഘടനാ പ്രവർത്തകർക്കു നേരെ സിർസിയിൽ പൊലീസ് ലാത്തിച്ചാർജ് നടത്തി. 

പരേഷ് മെസ്തയെ ‌കൊലപ്പെടുത്തിയതാണെന്നും ഇതിനു പിന്നിലുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഇന്നലെ ഹിന്ദു സംഘടനാ പ്രവർത്തകർ സിർസിയിൽ ബന്ദ് പ്രഖ്യാപിച്ചിരുന്നു. റാലിക്കിടെയുണ്ടായ കല്ലേറിൽ ഏതാനും പൊലീസുകാർക്കും മാധ്യമ പ്രവർത്തകർക്കും പരുക്കേറ്റു. പൊലീസ് ജീപ്പടക്കം ആറു വാഹനങ്ങൾ തകർന്നു. ഒരു വസ്ത്രവ്യാപാര ശാലയ്ക്ക് പ്രതിഷേധക്കാർ തീയിട്ടു. സിർസി ഹൈവേയിൽ ടയറുകളും മറ്റും കത്തിച്ച് വഴിതടയുകയും ചെയ്തു. തുടർന്നു പൊലീസ് ലാത്തിച്ചാർജും കണ്ണീർ വാതക പ്രയോഗവും നടത്തുകയായിരുന്നു. ആകാശത്തേക്കു വെടിവയ്പ്പും നടത്തിയതായി പറയുന്നുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 

അക്രമവുമായി ബന്ധപ്പെട്ട് സിർസി എംഎൽഎ വിശ്വേശ്വര ഹെഗ്ഡെ കഗേരി ഉൾപ്പെടെ എഴുപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലയിൽ നാളെ വൈകിട്ടു വരെ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

കർണാടകയുടെ മറ്റിടങ്ങളിലും ഇതേ വിഷയത്തിൽ ഇന്നലെ ബിജെപി പ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു.‍ ഡിസംബർ ആറിനു രാത്രിയുണ്ടായ സംഘർഷത്തിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പരേഷിനെ കാണാതാവുകയും പിന്നീട് സമീപത്തെ കുളത്തിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. എതിർ വിഭാഗത്തിൽ പെട്ടവർ പരേഷിനെ കൊലപ്പെടുത്തി കുളത്തിൽ എറിഞ്ഞു എന്നാണു ബിജെപിയും സംഘപരിവാറും ആരോപിക്കുന്നത്. എന്നാൽ പൊലീസ് ആരോപണം നിഷേധിക്കുന്നു. 

പരേഷ് മെസ്ത ഉൾപ്പെടെ, സംസ്ഥാനത്ത് ബിജെപി, സംഘപരിവാർ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവങ്ങൾ ദേശീയ അന്വേഷണ ഏജൻസിക്കു കൈമാറാൻ സർക്കാരിനു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഗവർണർ വാജുഭായി വാലയെ സന്ദർശിച്ചു. എന്നാൽ ബിജെപിയുടേത് വിലകുറഞ്ഞ രാഷ്ട്രീയക്കളിയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നിർദേശപ്രകാരം അഞ്ച് ബിജെപി നേതാക്കൾ കലാപങ്ങൾക്കു നേതൃത്വം നൽകുകയാണെന്ന് ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡിയും കുറ്റപ്പെടുത്തി. 

പരേഷിന്റെ തല വെട്ടിപ്പിളർന്നിരുന്നെന്നും മുഖത്ത് തിളച്ച എണ്ണ ഒഴിച്ചിരുന്നെന്നുമുള്ള പ്രചാരണം പശ്ചിമമേഖലാ ഐജി ഹേമന്ത് നിംബാൽക്കർ നിഷേധിച്ചു. ആസിഡ് ഒഴിച്ചതു കൊണ്ടല്ല, വെള്ളത്തിൽ കിടന്ന് അഴുകിയതു കൊണ്ടാണ് മുഖചർമത്തിന്റെ നിറം മാറിയതെന്ന് ബിജെപി എംപി ശോഭാ കരന്തലാജെ ഉൾപ്പെടെയുള്ളവരുടെ ആരോപണത്തിനു മറുപടിയായി അദ്ദേഹം വ്യക്തമാക്കി.