Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപിയെ കടന്നാക്രമിച്ച് രാഹുലിന്റെ സ്ഥാനാരോഹണം

Rahul Gandhi, Sonia Gandhi കരുതലിനൊരുമ്മ: കോൺഗ്രസ് അധ്യക്ഷ പദവിയൊഴിഞ്ഞ സോണിയ ഗാന്ധിക്കു സ്നേഹചുംബനം നൽകുന്ന രാഹുൽ ഗാന്ധി. ചിത്രം: ജെ. സുരേഷ്

ന്യൂഡൽഹി ∙ ബിജെപിക്കും പ്രധാനമന്ത്രിക്കുമെതിരെ ശക്തമായ രാഷ്ട്രീയാക്രമണം അഴിച്ചുവിട്ടുകൊണ്ട്, രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റു. ‘സമകാലീന രാഷ്ട്രീയം മോഹഭംഗ‌മുണ്ടാക്കുന്നു. ചുറ്റുപാടും കാണുന്നതു കരുണയും സത്യവുമില്ലാത്ത രാഷ്ട്രീയം. അടിച്ചമർത്തുന്ന ശക്തികളെ നിശ്ശബ്ദരാക്കാനും അധികാരഭ്രഷ്ടരാക്കാനും ജനങ്ങളുടെ പക്കലാണ് ആയുധമുള്ളത്,’ എഐസിസി ആസ്ഥാനത്തു കോൺഗ്രസ് പ്രവർത്തകരുടെ ആവേ‌ശസാഗരത്തിനു നടുവിൽ രാഹുൽ പറഞ്ഞു. പാർട്ടിയുടെ തിരഞ്ഞെടുപ്പ് അതോറിറ്റി മേധാവി മുല്ലപ്പള്ളി രാമചന്ദ്രനിൽനിന്ന് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സാക്ഷ്യപത്രം ഏറ്റുവാങ്ങിയശേഷമായിരുന്നു പ്രസംഗം.

സ്ഥാനമൊഴിയുന്ന അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ് എന്നിവർ രാഹുലിന്റെ സ്ഥാനാരോഹണത്തിനു സാക്ഷ്യംവഹിച്ചു. വികാരനിർഭരമായ വിടവാങ്ങൽ പ്രസംഗത്തിനു ശേഷം സോണിയ പുത്രനു പാർട്ടിയുടെ കടിഞ്ഞാൺ കൈമാറി.

നമോ X രാഗാ

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും തമ്മിൽ നേർക്കു നേരുള്ള പോരാട്ടത്തിന് ഇനിയും കടുപ്പമേറും. അധ്യക്ഷസ്ഥാനമേറ്റ ശേഷമുള്ള പ്രസംഗത്തിന്റെ സൂചനയും അതുതന്നെ. രണ്ടു പേരുടെയും പേരിന്റെ ആദ്യ ഇംഗ്ലിഷ് അക്ഷരങ്ങൾ ചേർത്ത് അവർ അറിയപ്പെടുന്നത് RaGa എന്നും NaMo എന്നുമാണ്. 

Priyanka Gandhi Vadra രാഹുൽ ഗാന്ധി സ്ഥാനമേൽക്കുന്ന ചടങ്ങിന് സഹോദരി പ്രിയങ്ക വാധ്‌ര എത്തിയപ്പോൾ.

റായ്ബറേലിയിൽ സോണിയ തന്നെ

'റായ്ബറേലിയിൽ 2019 ലും അമ്മ തന്നെ മൽസരിക്കും. പകരം ഞാൻ മൽസരിക്കും എന്നത് അഭ്യൂഹം മാത്രമാണ്. ഞാൻ കണ്ട ഏറ്റവും ധീരയായ വനിതയാണ് അമ്മ.' - പ്രിയങ്ക വാധ്‌ര

'കോൺഗ്രസ് ഇല്ലാത്ത ഇന്ത്യയെക്കുറിച്ചാണു ബിജെപി പറയുന്നത്. എന്നാൽ ബിജെപിയുടെ നയങ്ങളെ എതിർക്കുമ്പോഴും കോൺഗ്രസ് അവരെ സഹോദരങ്ങളായാണു കാണുന്നത്. ആരെയും ഇല്ലാതാക്കൽ കോൺഗ്രസിന്റെ നയമല്ല.’ - രാഹുൽ ഗാന്ധി 

'കോൺഗ്രസ് ആത്മപരിശോധന നടത്തി, സ്വന്തം മൂല്യങ്ങളിൽ അടി‌യുറച്ചു നിൽക്കണം. ഇതു ധർമയുദ്ധമാണ്. ത്യാഗത്തിനു തയാറായിരിക്കുക, പോരാട്ടത്തിന് ഒരുങ്ങിയിരിക്കുക.' - സോണിയ ഗാന്ധി