Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡെങ്കിപ്പനി ബാധ: കാരണം തേടി പ്രത്യേക പഠനം

ന്യൂഡൽഹി∙ രാജ്യമെങ്ങും ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നതിനാൽ അഞ്ചു വ്യത്യസ്ത പ്രദേശങ്ങളിലെ ഡെങ്കു വൈറസ് ബാധ പ്രത്യേകമായി പഠിക്കുമെന്നു കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ ലോക്സഭയിൽ അറിയിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർചും ചെന്നൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയും ചേർന്നാണു പഠനം നടത്തുക.

ഓരോ മേഖലയിൽനിന്നും മൂന്നു സംസ്ഥാനങ്ങൾ വീതം തിരഞ്ഞെടുത്തു. വിവിധയിടങ്ങളിൽനിന്ന് 5–8, 9–17, 18–45 എന്നീ മൂന്നു പ്രായഗ്രൂപ്പിലുള്ളവരിൽനിന്നു 10,000 സാംപിൾ ശേഖരിച്ചു പരിശോധിക്കും. മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ; പഞ്ചാബ്, ഡൽഹി, ഉത്തർപ്രദേശ്; തമിഴ്നാട്, തെലങ്കാന, കർണാടക; ബിഹാർ, ബംഗാൾ, ഒഡീഷ; അസം, മേഘാലയ, ഡിബ്രുഗഡ് എന്നീ അഞ്ചു മേഖലകളിൽനിന്നാണു സാംപിൾ ശേഖരിക്കുക.

സർക്കാർ കണക്കനുസരിച്ചു രാജ്യത്തു കഴിഞ്ഞ മാസം 30 വരെ 1,50,482 പേർക്കു ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ട്. 225 പേർ മരിച്ചു. മലേറിയ ബാധിച്ചവർ ഒക്ടോബർ വരെ 7,47,028 ആണ്. മരണം 98. ചിക്കുൻഗുനിയ ബാധിക്കുന്നവരുടെ എണ്ണത്തിലും കഴിഞ്ഞ വർഷങ്ങളിൽ വർധനയുണ്ട്.