Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിറന്നാൾ മുത്തശ്ശിക്ക് രാഹുലിന്റെ ആശംസ; ഹൃദയം നിറഞ്ഞ് ട്വിറ്റർ ലോകം

Rahul-Gandhis-107-year-old-admirer

ന്യൂഡൽഹി ∙ നൂറ്റിയേഴാം ജന്മദിനത്തിൽ ഒരു മുത്തശ്ശിക്കു കിട്ടിയ ‘അപൂർവസമ്മാന’മാണു ട്വിറ്റർ ലോകത്തെ പുതിയ ചർച്ച. കണ്ടിട്ടുപോലുമില്ലാത്ത വന്ദ്യവയോധികയ്ക്ക് ആശംസയും ‘ബിഗ് ഹഗ്ഗും’ സമ്മാനിച്ചു താരമായതു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ദീപാലി സിക്കന്ദ് എന്ന ബെംഗളൂരു സ്വദേശിനിയാണ്, ക്രിസ്മസ് ദിനത്തിൽ മുത്തശ്ശിയുടെ 107-ാം പിറന്നാളാണെന്നും രാഹുൽ ഗാന്ധിയെ നേരിട്ടു കാണുകയാണ് അവരുടെ ആഗ്രഹമെന്നും ട്വീറ്റ് ചെയ്തത്.

സുമുഖനായ രാഹുലിനെ മുത്തശ്ശിക്ക് അത്രയേറെ ഇഷ്ടമാണത്രേ. മുത്തശ്ശി കേക്ക് മുറിക്കുന്ന ചിത്രവും രാഹുൽ ഗാന്ധിയുടെ ഓഫിസിനെ ടാഗ് ചെയ്തു ദീപാലി ട്വീറ്റ് ചെയ്തു. തൊട്ടുപിന്നാലെ രാഹുൽ ഗാന്ധിയുടെ വക ആശംസയെത്തി: ‘പ്രിയപ്പെട്ട ദീപാലി, നിങ്ങളുടെ സുന്ദരിയായ മുത്തശ്ശിക്കു സന്തോഷം നിറഞ്ഞ പിറന്നാൾ, ക്രിസ്മസ് ആശംസകൾ നേരുക. എന്റെ വക വലിയൊരു സ്നേഹാശ്ലേഷവും.’

rahul-gandhi-tweet

വൈകിട്ടു ദീപാലിയുടെ മറ്റൊരു ട്വീറ്റെത്തി, രാഹുൽ ഗാന്ധി നേരിട്ടു വിളിച്ചു ജന്മദിനാശംസ നേർന്നെന്ന വെളിപ്പെടുത്തലുമായി. മുത്തശ്ശിക്കും രാഹുൽ ഗാന്ധിക്കും പിന്നെ ആശംസകളുടെ പെരുമഴയായിരുന്നു. ചിലർ രാഹുലിനെ അഭിനന്ദിച്ചപ്പോൾ, ഇതെല്ലാം വ്യാജപ്രചാരണ രീതികളെന്നായിരുന്നു മറ്റൊരു കൂട്ടരുടെ വാദം.