Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാം തോറ്റേക്കാം, പക്ഷേ, സത്യത്തെ ഉപേക്ഷിക്കില്ല: രാഹുൽ ഗാന്ധി

rahul-cake ന്യൂഡൽഹിയിൽ കോൺഗ്രസ് സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്യുന്ന അധ്യക്ഷൻ രാഹുൽ ഗാന്ധി. ചിത്രം: പിടിഐ

ന്യൂഡൽഹി∙ ഭരണഘടനയെ അപകടപ്പെടുത്താനുള്ള നീക്കങ്ങളെ ചെറുക്കുമെന്ന പ്രതിജ്ഞയോടെ കോൺഗ്രസ് 133–ാം സ്ഥാപകദിനമാചരിച്ചു. ‘ബിജെപി കളവുകളുടെ വല നെയ്യുന്ന തിരക്കിലാണ്, എന്തു വില കൊടുത്തും കോൺഗ്രസ് സത്യത്തിനു വേണ്ടി നിലകൊള്ളും’ –സ്ഥാപകദിനത്തിൽ പതാകയുയർത്തിയ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു.

ഡോ. ബി.ആർ.അംബേദ്കറും കോൺഗ്രസും രാജ്യത്തിനു നൽകിയ ഏറ്റവും വലിയ ഒസ്യത്തുകളിലൊന്നായ ഭരണഘടന ആക്രമിക്കപ്പെടുന്നു. അതിനെതിരെ നിലയുറപ്പിക്കേണ്ടതു കോൺഗ്രസിന്റെയും ഓരോ പൗരന്റെയും ചുമതലയാണ്. കളവുകൾ രാഷ്ട്രീയലാഭത്തിനു വേണ്ടി വിനിയോഗിക്കുകയാണു ബിജെപി. നാം ദുരിതത്തിലായേക്കാം, കഷ്ടപ്പെട്ടേക്കാം, തോൽക്കുക പോലും ചെയ്തേക്കാം. പക്ഷേ, നാം ‌സത്യത്തെ തള്ളിപ്പറയില്ല – രാഹുൽ പറഞ്ഞു.

പാർട്ടി മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെയും പ്രവർത്തകസമിതിയംഗം എ.കെ. ആന്റണിയുടെയും അസാന്നിധ്യം ശ്രദ്ധേയമായി. സോണിയ ഗോവയിലാണ്. ആന്റണി അസുഖത്തെത്തുടർന്നു വിശ്രമത്തിലും. മുൻ പ്ര‌ധാനമന്ത്രി മൻമോഹൻ സിങ് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിനെത്തി. ഭരണഘടനയ്ക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ചു പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിലും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ ധർണ നടത്തി.

ജയ്റ്റ്ലിയെ ജയ്റ്റ്‘ലൈ’ ആക്കി രാഹുലിന്റെ പരിഹാസം

ന്യൂഡൽഹി∙ ധനമന്ത്രി‘ജയ്റ്റ്‌ലൈ’യ്ക്കു നന്ദി പറഞ്ഞു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾക്കു രാജ്യസഭയിൽ അരുൺ ജയ്റ്റ്ലി നൽകിയ വിശദീകരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. ജയ്റ്റ്‌ലി കളവു പറയുന്നുവെന്നുവെന്നു സൂചിപ്പിക്കാനാണു പേരിലെ അക്ഷരങ്ങളിൽ Jaitley എന്നതിനു പകരം Jaitlie എന്നു മാറ്റം വരുത്തിയത്. Lie എന്നാൽ കളവ് എന്നർഥം. പ്രധാനമന്ത്രി പറയുന്നതല്ല ഉദ്ദേശിക്കുന്നതെന്നു വിശദീകരിച്ചതിനു മിസ്റ്റർ ജയ്റ്റ്‌ലിക്കു നന്ദി–ട്വീറ്റിൽ രാഹുൽ പറഞ്ഞു.