Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാർ വിവരങ്ങൾ ചോദിച്ച് ഫെയ്‌സ് ബുക്; വിവാദമായതോടെ തടിയൂരി

Facebook, Aadhar

ന്യൂഡൽഹി ∙ ഫെയ്സ്ബുക് അക്കൗണ്ടിലൂടെ ആധാർ വിശദാംശങ്ങൾ സ്വന്തമാക്കാൻ സമൂഹ മാധ്യമ കമ്പനി ശ്രമിക്കുന്നുവെന്ന ആക്ഷേപമുയർന്നതോടെ ഇത്തരമൊരു നീക്കമില്ലെന്ന വിശദീകരണവുമായി സമൂഹമാധ്യമ അധികൃതർ. ഏതാനും ഉപയോക്താക്കളിൽ മാത്രം നടത്തിയ പരീക്ഷണം അവസാനിപ്പിച്ചെന്നും പദ്ധതി തുടരാൻ ലക്ഷ്യമില്ലെന്നും ഫെയ്സ്ബുക് വിശദീകരിച്ചു.

വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങളടങ്ങിയ ആധാറിന്റെ സാധ്യതകൾ ഫെയ്സ്ബുക് ഉപയോഗിക്കുന്നതായി കഴിഞ്ഞ ദിവസം വാർത്തകളെത്തിയിരുന്നു. മൊബൈലിലൂടെ പുതിയ അക്കൗണ്ട് തുറക്കാൻ ശ്രമിക്കുമ്പോൾ ആധാർ അനുസരിച്ചുള്ള പേരു ചോദിച്ചതായി പരാതി ഉയർന്നിരുന്നു.

ഇത് ആധാർ വിവരങ്ങൾ കേന്ദ്രമാക്കിയുള്ള പുതിയ അക്കൗണ്ട് വെരിഫിക്കേഷൻ സംവിധാനത്തിന്റെ പരീക്ഷണമാണെന്നും ആക്ഷേപമുണ്ടായി. നീക്കം വിവാദമായതോടെ വിശദീകരണവുമായി കമ്പനി രംഗത്തെത്തി. ‘ഇന്ത്യയിലെ പുതിയ ഉപഭോക്താക്കളായ ചിലരിൽ ഒരു പരീക്ഷണം നടത്തിയിരുന്നു.

ആധാറിലെ പേര് ഉപയോഗിച്ചാൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും എളുപ്പത്തിൽ കണ്ടെത്താമെന്നാണു കരുതിയത്. ആധാറിലെ മറ്റു വിവരങ്ങൾ കമ്പനി ശേഖരിച്ചിരുന്നില്ല. പരീക്ഷണം തുടരാനും പദ്ധതിയില്ല’ ഫെയ്സ്ബുക് പ്രോഡക്ട് മാനേജർ തൈച്ചി ഹൊഷിനൊ കമ്പനി ബ്ലോഗിൽ വ്യക്തമാക്കി. ഓൺലൈൻ വഴി ആധാർ വിവരങ്ങൾ ചോരുന്നെന്ന ആശങ്ക നിലനിൽക്കെയാണു ഫെയ്സ്ബുക്കിന്റെ പുതിയ നീക്കം.