Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിനകരന്റെ അനുകൂലികൾക്കെതിരെ നടപടി തുടരുന്നു

ചെന്നൈ∙ അണ്ണാഡിഎംകെയിൽ ദിനകരന്റെ അനുകൂലികൾക്കെതിരായ നടപടി തുടരുന്നു. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയിൽ പെരുമാറിയെന്നാരോപിച്ച് ഇന്നലെ 130 ദിനകര അനകൂലികളെ പാർട്ടിയിൽ നിന്നു പുറത്താക്കി. ഇതോടെ, ആർകെ നഗർ ഉപതിരഞ്ഞെടുപ്പിനു ശേഷം പാർട്ടിയിൽ നിന്നു പുറത്താകുകയോ അച്ചടക്ക നടപടി നേരിടുകയോ ചെയ്ത നേതാക്കളുടെ എണ്ണം 200 കവിഞ്ഞു. മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമിയും ഉപമുഖ്യന്ത്രി ഒ.പനീർസെൽവവും ചേർന്ന് ഒപ്പുവച്ച പ്രസ്താവനയിലൂടെയാണു പാർട്ടി നടപടി പുറത്തുവിട്ടത്. 

തിരുപ്പൂർ, പുതുക്കോട്ട, ധർമപുരി ജില്ലയിലെ നേതാക്കൾക്കെതിരെയാണ് ഇന്നലെ നടപടിയുണ്ടായത്. ജില്ലാ ഭാരവാഹികൾ മുതൽ യൂണിറ്റ് പ്രസിഡന്റുമാർ വരെ നടപടി നേരിട്ടവരുടെ കൂട്ടത്തിലുണ്ട്. ആർകെ നഗറിൽ ദിനകരനു വേണ്ടി പ്രവർത്തിക്കുകയും ഫലം പുറത്തുവന്ന ശേഷം ആഹ്ലാദ പ്രകടനത്തിനു നേതൃത്വം നൽകുകയും ചെയ്ത നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ നടപടിയുമായി മുന്നോട്ടുപോകാനാണു നേതൃത്വത്തിന്റെ തീരുമാനം. 

പ്രവർത്തിക്കുന്നതിൽ വീഴ്ച : നടപടിയെടുക്കാൻ ഡിഎംകെ

ചെന്നൈ∙ ആർകെ നഗറിൽ പാർട്ടി സ്ഥാനാർഥികൾക്കു വേണ്ടി പ്രവർത്തിക്കുന്നതിൽ വീഴ്ച വരുത്തിയ നേതാക്കൾക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ ഡിഎംകെ നേതൃ യോഗത്തിൽ തീരുമാനം. ഏതെല്ലാം നേതാക്കൾക്കെതിരെയാണു നടപടിയുണ്ടാക്കുകയെന്നു വ്യക്തമാക്കിയിട്ടില്ല. പാർട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ ചേർന്ന യോഗത്തിനു ശേഷം വർക്കിങ് പ്രസിഡന്റ് എം.കെ.സ്റ്റാലിനാണു തീരുമാനം പ്രഖ്യാപിച്ചത്. 

ആർകെ നഗർ ഉപതിരഞ്ഞെടുപ്പു ഫലത്തിന്റെ പശ്ചാത്തലത്തിൽ ഭാവി പരിപാടികൾക്കു രൂപം നൽകാനായി അടുത്ത മാസം ഏഴിനു ജില്ലാ സെക്രട്ടറിമാരുടെ യോഗം ചേരും. ഇന്നലെ ചേർന്ന യോഗത്തിൽ 23 മുതിർന്ന നേതാക്കൾ പങ്കെടുത്തു. ടുജി കേസിലെ കോടതി വിധിയെ സ്വാഗതം ചെയ്ത യോഗം, ഇല്ലാത്ത കോടികളുടെ പേരിൽ പാർട്ടിയെ നശിപ്പിക്കാനിറങ്ങിയവർക്കു കനത്ത തിരിച്ചടിയേറ്റതായി അഭിപ്രായപ്പെട്ടു. 

ബിജെപി സഖ്യത്തെക്കുറിച്ച്  ഇപ്പോൾ ചിന്തയില്ല: എടപ്പാടി 

ചെന്നൈ∙ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നു മുഖ്യമന്ത്രി എടപ്പാടി കെ.പളനി സാമി. അടുത്തൊന്നും തിരഞ്ഞെടുപ്പു വരുന്നില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സഖ്യത്തെക്കുറിച്ച് ആലോചിക്കാം. ബിജെപി സഖ്യത്തെക്കുറിച്ച് മന്ത്രിസഭാംഗങ്ങൾ വ്യത്യസ്ത അഭിപ്രായം പറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ പ്രവർത്തകർ തങ്ങൾക്കു പാകമായ രീതിയിൽ ചോദിച്ചതുകൊണ്ടാകണം മന്ത്രിമാർ അഭിപ്രായം പറഞ്ഞത്. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാനില്ല. അദ്ദേഹം നിലപാട് പ്രഖ്യാപിക്കട്ടെ. അപ്പോൾ പറയാം- എടപ്പാടി പറഞ്ഞു.